ചേർത്തല: ഓൺലൈൻ വഴി പഞ്ചായത്ത് മാർക്കറ്റുകളെ കൂട്ടിയോജിപ്പിക്കുന്ന രാജ്യത്തെ ആദ്യ പഞ്ചായത്തായി മാറിയിരിക്കുകയാണ് തണ്ണീർമുക്കം. ഇതിനായി തുടങ്ങിയ 'തദ്ദേശ്' മൊബൈൽ ആപ്ലിക്കേഷൻ ഉദ്ഘാടനം തണ്ണീർമുക്കം പഞ്ചായത്തിലെ നാമക്കാട് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ സിനിമാ താരം ബൈജു എഴുപുന്നയും കിൻഡർ ഹോസ്പിറ്റൽ എം.ഡി പി.പ്രിവീൺകുമാറും ചേർന്ന് നിർവ്വഹിച്ചു.
കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭാമധു മുഖ്യാതിഥിയായി. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്. ജ്യോതിസ് അദ്ധ്യക്ഷനായി. ചെറുകിട കർഷകർക്കും കൃഷി അനുബന്ധ വ്യവസായങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും പ്രാദേശികമായി തങ്ങളുടെ ഉത്പ്പന്നങ്ങൾ വിൽക്കാനും വാങ്ങാനും സഹായിക്കുന്ന മൊബൈൽ പ്ലാറ്റ്ഫോം ആണ് തദ്ദേശ്. പ്രാദേശിക അധികാരികളുമായും മറ്റ് ജനപ്രതിനിധികളുമായും ജനങ്ങൾക്ക് ആശയ വിനിമയം നടത്തുന്നതിനും പദ്ധതികളും മറ്റും യഥാ സമയം അറിയുന്നതിനും തദ്ദേശ് ഉപകരിക്കും
. ഉപഭോക്താക്കൾക്ക് തങ്ങളുടെ ഏറ്റവും അടുത്തുളള ഉത്പന്നത്തെയും ഉത്പാദകരേയും കണ്ടെത്താം.പ്രത്യേകിച്ച് വിനോദ സഞ്ചാര മേഖലകളിൽ അതത് പ്രദേശത്തെ മാത്രം പ്രത്യേകതയായ ഉത്പ്പന്നങ്ങൾ സഞ്ചാരികൾക്ക് വേഗം കണ്ടെത്തി ഉത്പാദകരിൽ നിന്ന് നേരിട്ട് വാങ്ങാം. തദ്ദേശ് ആപ്ലിക്കേഷൻ വികസിപ്പിച്ച സ്റ്റാർട്ട് അപ് സംരംഭത്തിന് നേതൃത്വം വഹിക്കുന്ന ജോഷി സി.ജോർജ്ജ്, എൽദോ ഇട്ടൻ ജോർജ്ജ്, അമൽ ചന്ദ്രശേഖരൻ, കെ.ഗോകുൽ എന്നിവരും തണ്ണീർമുക്കം പഞ്ചായത്തിലെ വിവിധ വാർഡുകളിലെ അംഗങ്ങളുമാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ചടങ്ങിൽ രമാമദനൻ, രേഷ്മ രംഗനാഥ്, സുധർമ്മ സന്തോഷ്, ബിനിത മനോജ്, കെ.ജെ.സെബാസ്റ്റ്യൻ, സനൽനാഥ്, സാനു സുധീന്ദ്രൻ,രമേഷ് ബാബു എന്നിവർ സംസാരിച്ചു.