ആലപ്പുഴ: പ്രളയാനന്തര പുനർ നിർമ്മാണത്തിന്റെ ഭാഗമായി ഹൈദരാബാദിലെ രാമോജി ഫിലിംസിറ്റിയുടെ സഹായത്തോടെ ജില്ലാ കുടുംബശ്രീ മിഷൻ നിർമ്മിച്ച 121വീ‌ടുകളുടെ താക്കോൽദാനം നാളെ നടക്കുമെന്ന് കുടുംബശ്രീ ഗവേണിംഗ് ബോഡി മെമ്പർ അഡ്വ. സി.എസ്.സുജാത വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 3ന് പാതിരപ്പള്ളി കാമലോട്ട് കൺവൻഷൻ സെന്ററിൽ നടക്കുന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ താക്കോൽദാനം നിർവഹിക്കും. മുൻ ആർ.ഡി.ഒ വി.ആർ.കൃഷ്ണതേജയ്ക്ക് ഉപഹാരം മുഖ്യമന്ത്രി നൽകും. മന്ത്രി ഡോ. ടി.എം.തോമസ് ഐസക് അദ്ധ്യക്ഷത വഹിക്കും. രാമോജി ഗ്രൂപ്പിനുള്ള ഉപഹാരസമർപ്പണവും നിർമ്മാണ ഗ്രൂപ്പുകൾക്ക് ഇൻസെന്റീവ് വിതരണവും മന്ത്രി ജി.സുധാകരനും ടീം അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം മന്ത്രി പി.തിലോത്തമനും സുവനീർ പ്രകാശനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും നിർവഹിക്കും. 22പഞ്ചായത്തുകളിൽ നിന്നും ആലപ്പുഴ നഗരസഭയിൽ നിന്നുമായി പരിശീലനം ലഭിച്ച 253 വനിതകളുടെ നേതൃത്വത്തിലാണ് വീടുകൾ നിർമ്മിച്ചത്. എഴു കൊടിരൂപയാണ് രാമോജി ഗ്രൂപ്പ് കുടുംബശ്രീ മിഷന് നൽകിയത്. വാർത്താസമ്മേളനത്തിൽ കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ജെ.പ്രശാന്ത് ബാബു, അസി.കോഓർഡിനേറ്റർ പി.സുനിൽ, സിവിൽ എൻജിനിയർ ആനി എബ്രഹാം എന്നിവരും പങ്കെടുത്തു.