ആലപ്പുഴ : കെട്ടുകഥകളും പുരാണങ്ങളും യാഥാർത്ഥ്യമെന്ന് വിശ്വസിപ്പിക്കുന്ന, അന്ധവിശ്വാസങ്ങളെ ഉറപ്പിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായമാണ് രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ വരുന്ന മാറ്റങ്ങൾ സമൂഹത്തെ എങ്ങനെ ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി..
ആൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ടി.വി.തോമസ് സ്മാരക ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കാനം.
മതനിരപേക്ഷതയും ജനാധിപത്യവും ഭരണഘടനയും ചോദ്യം ചെയ്യപ്പെടുകയാണ്.മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നൽകാനുള്ള നീക്കം മതേതരത്വം ഇല്ലാതാക്കും.മതേതരത്വം വളർത്തുന്ന വിദ്യാഭ്യാസമാണ് നമുക്ക് വേണ്ടത്.പുരോഗമനപരമായ വിദ്യാഭ്യാസത്തിന് വേണ്ടി തുടർച്ചയായ പോരാട്ടം ആവശ്യമാണെന്നും കാനം പറഞ്ഞു.
സി.പി.ഐ സംസ്ഥാന അസിസ്റ്രന്റ് സെക്രട്ടറി സത്യൻമൊകേരി,വിവിധ സർവീസ് സംഘടനാ നേതാക്കളായ ഉഷ, കെ.എസ്.സജീവ് കുമാർ, ജെ.അരുൺബാബു, ബിജു, നജുമുദ്ദീൻ,എടക്കാട്ടിൽ മാധവൻ,ആർ.ശരത്ചന്ദ്രൻ നായർ,എൻ.ശ്രീകുമാർ, സ്നേഹശ്രീ തുടങ്ങിയവർ പങ്കെടുത്തു. സ്വാഗത സംഘം ചെയർമാൻ ടി.ജെ.ആഞ്ചലോസ് സ്വാഗതം പറഞ്ഞു.