ആലപ്പുഴ: കെ.എസ്.ഇ.ബിയുമായി ബന്ധപ്പെട്ടുള്ള പരാതികൾ പരിഹരിക്കുന്നതിനായി ജില്ലയിലെ ഉപഭോക്താക്കൾക്കായി അദാലത്ത് 20ന് ആലപ്പുഴയിൽ നടക്കുമെന്ന് ഇലക്ട്രിക്കൽ ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഉഷാ വർഗീസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.രാവിലെ 10ന് കളർകോട് അഞ്ജലി ആഡിറ്റോറിയത്തിൽ മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്യും. മന്ത്രി ജി.സുധാകരൻ അദ്ധ്യക്ഷത വഹിക്കും. പ്രോപ്പർട്ടി ക്രോസിംഗ്, മരം മുറിച്ചതിനുള്ള നഷ്ടപരിഹാരം, സർവീസ് കണക്ഷൻ, ലൈൻ, പോസ്റ്റ്, ബിൽ, ജപ്തി നടപടികൾ, കുടിശ്ശിക തുടങ്ങി വൈദ്യുതി വകുപ്പുമായി ബന്ധപ്പെട്ട പരാതികൾ അദാലത്തിൽ പരിഗണിക്കും. അപേക്ഷകൾ അടുത്തുള്ള കെ.എസ്.ഇ.ബി ഓഫിസുകളിൽ നൽകിയാൽ മതിയെന്ന് ഉഷാ വർഗീസ് പറഞ്ഞു. വാർത്താസമ്മേളനത്തിൽ എക്‌സിക്യൂട്ടീവ് എൻജിനിയർമാരായ എസ്.ബി.സുരേഷ് കുമാർ,വി.വി.സുനിൽകുമാർ, അസി.എക്‌സിക്യൂട്ടീവ് എൻജിനിയർ ആർ.ഇന്ദു, അസി. എൻജിനിയർ കെ.രാജേഷ് എന്നിവരും പങ്കെടുത്തു.