പ്രഖ്യാപനങ്ങൾക്ക് പതിരില്ല
ആലപ്പുഴ: സംസ്ഥാന ബഡ്ജറ്റിൽ ആലപ്പുഴയ്ക്കു വേണ്ടി 'പ്രഖ്യാപന'ങ്ങൾ വാരി വിതറിയിരിക്കുകയാണ്, നാട്ടുകാരനായ ധനമന്ത്രി ഡോ.തോമസ് ഐസക്ക്. പക്ഷേ, കഴിഞ്ഞ ബഡ്ജറ്റ് പുസ്തകം കൈയിൽ വച്ചുകൊണ്ട് 'അതൊക്കെത്തന്നെ അല്ലയോ ഇതും' എന്ന് ആർക്കെങ്കിലും തോന്നിയാൽ തികച്ചും യാദൃച്ഛികം മാത്രം! രാഷ്ട്രീയക്കാരന്റെ മെയ് വഴക്കം, സാമ്പത്തിക നിരീക്ഷകന്റെ സൂത്രവിദ്യ, ജനപ്രിയ നേതാവിന്റെ നയതന്ത്രജ്ഞത എല്ലാംകൂടി ചേർന്നതാണ് ഇത്തവണത്തെ തോമസ് ഐസക്കിന്റെ ബഡ്ജറ്റ്.
കുട്ടനാട് പാക്കേജ്, ഹോംകോ, ആട്ടോകാസ്റ്റ് , തണ്ണീർമുക്കം ബണ്ട്, കേരള ബോട്ട് റേസ് ലീഗ്, കെ.എസ്.ഡി.പി തുടങ്ങി ചില പേരുകൾ ആവർത്തിക്കുന്നുണ്ടെങ്കിൽ അതെല്ലാം ആ സ്ഥാപനങ്ങളോടുള്ള 'പ്രിയം' കൊണ്ടുമാത്രം. കുട്ടനാട്ടിലെ ഉപതിരഞ്ഞെടുപ്പ്, അടുത്തു നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് എന്നിവയെല്ലാം ബഡ്ജറ്റിന്റെ രചനാവേളയിൽ മന്ത്രിയുടെ മനസിലൂടെ കടന്നുപോയിട്ടുണ്ടെന്ന് ഉറപ്പ്. പ്രഖ്യാപനത്തിലെങ്കിലും ആലപ്പുഴയ്ക്ക് ആശ്വാസം നൽകുന്നതാണ് ബഡ്ജറ്റ്.
# കുട്ടനാട് പാക്കേജ്
2018ലെ പ്രളയം കഴിഞ്ഞ് ഒരാഴ്ചകൊണ്ടുതന്നെ, പകർച്ച വ്യാധിയോ അത്യാഹിതങ്ങളോ ഇല്ലാതെ 50,000ത്തോളം കുടുംബങ്ങളിൽപ്പെട്ട 1.26 ലക്ഷം പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. 54,066 കുടുംബങ്ങൾക്ക് 10,000 രൂപ വീതം നൽകി. 1920 വീടുകളാണ് പ്രളയത്തിൽ പൂർണ്ണമായും തകർന്നത്. ഇതിൽ 1880 വീടുകൾക്ക് പുനർനിർമ്മാണത്തിനുള്ള ആദ്യഗഡു സഹായം നൽകി. കുട്ടനാടിന് 2400 കോടി രൂപയുടെ പാക്കേജ് പ്ലാനിംഗ് ബോർഡ് തയ്യാറാക്കിയിട്ടുണ്ട്. പ്രളയാനുഭവങ്ങൾകൂടി കണക്കിലെടുത്ത് രണ്ടാം കുട്ടനാട് പാക്കേജ് നടപ്പിലാക്കും.
.....................................................
മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കായലിന്റെ അടിത്തട്ട് പ്ലാസ്റ്റിക് മാലിന്യമുക്തമാക്കും
യന്ത്റസഹായത്തോടെ കായൽ ചതുപ്പുകളിലെ ചെളി കട്ടകുത്തി കായലിന്റെ ആവാഹശേഷി വർദ്ധിപ്പിക്കും, ഇവ രണ്ടിനുമായി 10 കോടി
കായലിൽ നിന്നും തോടുകളിൽ നിന്നും എടുക്കുന്ന ചെളി ഉപയോഗപ്പെടുത്തി പുറംബണ്ട് വീതി കൂട്ടുന്ന ഒരു ബൃഹത് പദ്ധതി കിഫ്ബിയുടെകൂടി ധനസഹായത്തോടെ നടപ്പാക്കും
അനിവാര്യമായ സ്ഥലങ്ങളിൽ മാത്രം കല്ലും സ്ലാബും ഉപയോഗപ്പെടുത്തും
ബണ്ടുകൾ ബലപ്പെടുത്തും
പരീക്ഷണാടിസ്ഥാനത്തിൽ നെടുമുടി പഞ്ചായത്തിൽ ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന സമഗ്ര പദ്ധതിക്ക് 30 ലക്ഷം പ്രത്യേക ധനസഹായമായി അനുവദിക്കും. തൊഴിലുറപ്പുതന്നെയാണ് ഇതിൽ പ്രധാനമായും ഉപയോഗപ്പെടുത്തുന്നത്
കയർ കോർപ്പറേഷന്റെയും എൻ.സി.ആർ.എം.ഐയുടെയും പുളിങ്കുന്ന് എൻജിനിയറിംഗ് കോളേജിന്റെയും സഹായത്തോടെ ഗ്രാമപഞ്ചായത്ത് ഒരു പാടശേഖരത്തിന്റെ ബണ്ടുകൾ ചെളിയും കയർഭൂവസ്ത്രവും ഉപയോഗപ്പെടുത്തി പുനർനിർമ്മിക്കും
അനുയോജ്യമായ സസ്യാവരണം സൃഷ്ടിക്കും. ഈ മാതൃകയിൽ കുട്ടനാട് മേഖലയിൽ മാത്രമല്ല, വേമ്പനാടിന്റെ തീരത്തുള്ള എല്ലാ പഞ്ചായത്തുകളിലെയും തോടുകൾ ജനകീയമായി ആഴം കൂട്ടാനും ശുചീകരിക്കാനുമുള്ള പദ്ധതി വരുന്ന വേനൽക്കാലത്ത് നടപ്പാക്കും
കനാലുകൾ വൃത്തിയാക്കുന്ന ജനകീയ പരിപാടി ഈ വർഷം ഭൂരിഭാഗം പൂർത്തിയാക്കും
മാലിന്യങ്ങൾ കായലിൽ തള്ളുന്നത് അവസാനിപ്പിക്കും
സെപ്റ്റേജ് പ്ലാന്റുകൾ അടിയന്തിരമായി സ്ഥാപിക്കും
കൃഷിക്കും ഉൾനാടൻ മത്സ്യകൃഷിക്കും പദ്ധതി- കുട്ടനാട്ടിൽ ആകെ 750 കോടി
കുട്ടനാട്ടിലെ വെള്ളപ്പൊക്ക നിയന്ത്റണ പരിപാടികൾക്കായി ജലസേചന വകുപ്പിന് 74 കോടി
കൃഷിക്ക് 20 കോടി, ഉൾനാടൻ മത്സ്യക്കൃഷിക്ക് 11 കോടി, താറാവ് കൃഷിക്ക് 7 കോടി
അനുമതി നൽകിയതോ നിർമ്മാണം നടക്കുന്നതോ ആയ പൊതുമരാമത്ത് വകുപ്പ് പാലങ്ങളുടെയും റോഡുകളുടെയും അടങ്കൽ 385 കോടി
പ്രളയാനന്തര റോഡ് പുനരുദ്ധാരണത്തിന് 50 കോടി, ആകെ ചെലവിടുന്നത് 750 കോടി
...........................................................
# പാക്കേജിന്റെ ഭാഗമായുള്ള മറ്റു പദ്ധതികൾ
കുട്ടനാട് കുടിവെള്ള പദ്ധതി 291 കോടി
തോട്ടപ്പള്ളി സ്പിൽവേ 280 കോടി
ആലപ്പുഴ -ചങ്ങനാശേരി എലിവേറ്റഡ് റോഡ് 450 കോടി
പുളിങ്കുന്ന് ആശുപത്രി 150 കോടി