ആലപ്പുഴ:സംസ്ഥാനത്തെ വിശപ്പ് രഹിത കേരളമാക്കി മാറ്രാൻ 25 രൂപയ്ക്ക് ഭക്ഷണം നൽകാൻ 1000 ഭക്ഷണ ശാലകൾ തുറക്കാനുള്ള ബഡ്ജറ്റ് നിർദ്ദേശം മന്ത്രി തോമസ് ഐസക്ക് ആദ്യം പരീക്ഷിച്ചത് തന്റെ സ്വന്തം മണ്ഡലത്തിൽ. 2018 മാർച്ചിൽ പാതിരപ്പള്ളിയിൽ 'സ്നേഹജാലകം വിശപ്പില്ലാ സ്നേഹഗ്രാമം' എന്ന പദ്ധതിയിലൂടെ ജനകീയ ഭക്ഷണശാല തുറന്നപ്പോൾ അതൊരു വലിയ പരീക്ഷണമായി.
പണമില്ലാതെ, വിശക്കുന്നവർക്ക് ആവശ്യത്തിന് ഭക്ഷണം കഴിക്കാമെന്നതായിരുന്നു പദ്ധതിയുടെ മുഖ്യ ആകർഷണം. ഭക്ഷണ ശാലയിൽ കാഷ്യറില്ല, പണപ്പെട്ടിയുമില്ല. ഭക്ഷണം കഴിച്ച് തൃപ്തികരമെന്ന് തോന്നിയാൽ തങ്ങളാലാവുന്ന സംഭാവന കടയിൽ സൂക്ഷിച്ചിട്ടുള്ള ചാരിറ്റി ബോക്സിൽ നിക്ഷേപിക്കാം. ഇതായിരുന്നു രീതി. പദ്ധതി അമ്പേ പരാജയമാവുമെന്ന് അന്ന് പലരും പറഞ്ഞു. പക്ഷെ ഐസക് കുലുങ്ങിയില്ല. നിത്യേന ഇവിടേക്ക് ഭക്ഷണം കഴിക്കാൻ വരുന്നവരുടെ എണ്ണം കൂടി. പുതിയ സംരംഭത്തിന് പിന്തുണയുമായി പല സ്ഥാപനങ്ങളും സ്പോൺസർമാരായി രംഗത്ത് വന്നു.സാധങ്ങൾ വാങ്ങാനും ജീവനക്കാർക്ക് ശമ്പളം നൽകാനുമുള്ള പണം ചാരിറ്റി ബോക്സിൽ കിട്ടുമെന്നായി.നയാപൈസ സർക്കാർ സഹായം കൂടാതെ ഇപ്പോഴും ഈ സ്ഥാപനം നല്ലരീതിയിൽ നടക്കുന്നു.
ഇതിന്റെ ചുവടുപിടിച്ച് മന്ത്രി പി.തിലോത്തമന്റെ നേതൃത്വത്തിൽ സിവിൽ സപ്ളൈസ് കോർപ്പറേഷനും രംഗത്തെത്തി. മന്ത്രി പി.തിലോത്തമനായിരുന്നു അതിന്റെ അമരക്കാരൻ. ആലപ്പുഴ ശവക്കോട്ട പാലത്തിന് സമീപം രാത്രി വിശ്രമശാലയ്ക്കായി നിർമ്മിച്ച കെട്ടിടത്തിന്റെ ഒഴിഞ്ഞുകിടന്ന താഴത്തെ നിലയാണ് അദ്ദേഹം ഭക്ഷണശാലയാക്കി മാറ്രിയത്. 2019 ആഗസ്റ്രിലാണ് 'സുഭിക്ഷ ' ഉച്ചഭക്ഷണ ശാല തുടങ്ങിയത്. 20 രൂപകൊടുത്താൽ, മൂന്ന് വിഭവങ്ങളുള്ള നല്ല ഒന്നാംതരം ഉച്ചയൂണ്. മീൻ കറിയോ വറുത്തതോ ഇറച്ചിക്കറിയോ വേണമെങ്കിൽ കിട്ടും. അതിന് അധിക പണം നൽകണം. ഭക്ഷ്യ സിവിൽ സപ്ളൈസ് വകുപ്പിന്റെ നിയന്ത്രണത്തിലാണ് പ്രവർത്തനം. അരി അടക്കമുള്ള ഭക്ഷ്യവസ്തുക്കൾ സബ്സിഡി നിരക്കിൽ നൽകുന്നതിനാലാണ് നഷ്ടമില്ലാതെ നടത്താൻ സഹായിക്കുന്നത്. രാവിലെ 11 മണിയാവുമ്പോൾ ഇവിടെ കൂപ്പൺ വാങ്ങാനുള്ള ക്യൂ തുടങ്ങും.