ആലപ്പുഴ: ആംബുലൻസിന് വഴിയൊരുക്കുന്നതിനിടെ ലോറിയിൽ നിന്ന് കണ്ടയ്നർ തെറിച്ച് റോഡിൽ വീണു. ഇന്നലെ പുലർച്ചെ ദേശീയപാതയിൽ കളപ്പുരജംഗ്ഷന് സമീപമായിരുന്നു അപകടം. റോഡിൽ തിരക്കില്ലാതിരുന്ന സമയമായതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്.

കൊച്ചിയിൽ നിന്ന് പത്തനംതിട്ടയിലേക്ക് ഗോതമ്പുമായി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ആംബുലൻസ് കടന്നുപോകാൻ ലോറി വെട്ടിച്ചപ്പോൾ കണ്ടെയ്നർ വേർപെട്ട് മറിയുകയായിരുന്നു. അല്പംകൂടി മുന്നോട്ട് നീങ്ങിയാണ് ലോറി നിന്നത്. റോഡിന്റെ മദ്ധ്യഭാഗത്ത് കിടന്ന കണ്ടയ്നർ ക്രെയിൻ ഉപയോഗിച്ചാണ് നീക്കിയത്. കണ്ടയ്നറും ലോറിയും തമ്മിൽ ബന്ധിപ്പിക്കുന്ന ജോയിന്റുകൾ തകർന്ന നിലയിലായിരുന്നു. നോർത്ത് പൊലീസ് എത്തിയാണ് ഗതാഗത തടസം ഒഴിവാക്കിയത്. പരാതിയില്ലാത്തതിനാൽ കേസ് എടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.