photo

 ആലപ്പുഴ മെഡി. ആശുപത്രിയിലെ എൻ.ഐ.വി യൂണിറ്റ് സുസജ്ജം

ആലപ്പുഴ: പേരുദോഷത്തിന്റെ പടുകുഴിയിൽ നിന്ന് സംസ്ഥാനതലത്തിൽ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യുട്ട് ഒഫ് വൈറോളജി (എൻ.ഐ.വി) യൂണിറ്റ്. എന്തിനും ഏതിനും പൂനയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനെ ആശ്രയിക്കേണ്ടിയിരുന്ന അവസ്ഥയിൽ നിന്ന് ആലപ്പുഴയിലെ യൂണിറ്റിന്റെ ഉയർത്തെഴുന്നേൽപ്പിന് വഴിതെളിച്ചത് കൊറോണയാണ്!

നിലവിൽ സംസ്ഥാനത്ത് കൊറോണ വൈറസ് പരിശോധന ഇവിടെയാണ് നടക്കുന്നത്.

സംസ്ഥാന സർക്കാരും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജയും നടത്തിയ ഇടപെടലിനെത്തുടർന്നാണ് ആലപ്പുഴയിലെ വൈറോളജി ലാബിനെ അതിവേഗം മികവുറ്റ കേന്ദ്രമായി ഉയർത്താനും പൂനെ എൻ.ഐ.വിയുടെ അംഗീകാരം നേടിയെടുക്കാനും കഴിഞ്ഞത്. ബയോ സേഫ് ലെവൽ (ബി.എസ്.എൽ) ടു പ്ലസ് എന്ന വിഭാഗത്തിൽപ്പെടുന്ന ആലപ്പുഴ ലാബ് അനുബന്ധ സംവിധാനങ്ങളൊരുക്കി കൊറോണ വൈറസ് കണ്ടെത്താൻവേണ്ട ബയോ സേഫ് ലെവൽ മൂന്ന് എന്ന തലത്തിലേക്കു അടിയന്തരമായി ഉയർത്തുകയായിരുന്നു.

നേരത്തെ, പൂനെയിലെത്തിച്ചാണ് കൊറോണ വൈറസ് നിർണയം നടത്തിയിരുന്നത്. ആലപ്പുഴ ലാബ് സുസജ്ജമായതോടെ പരിശോധന വേഗത്തിലായി. കൊറോണയ്ക്കു പുറമേ നിപ്പ,എലിപ്പനി,ഡെങ്കി വൈറസുകളുടെ പരിശോധനയും നടത്താനാകും. 33 തരം രോഗാണുക്കളെ കണ്ടെത്താനുള്ള സംവിധാനം ഇവിടെയുണ്ട്. ആൻഡമാൻ റീജിയണൽ റിസർച്ച് സെന്ററിലെ ജി ഗ്രേഡ് ശാസ്ത്രജ്ഞനായ പരപ്പനങ്ങാടി സ്വദേശി ഡോ. എ.പി.സുഗുണന് കൊറോണ കേരളത്തിൽ തിരിച്ചറിഞ്ഞ ഉടൻ സംസ്ഥാന സർക്കാർ ആലപ്പുഴ ലാബിന്റെ ചുമതല നൽകി. നേരത്തെ നിപ്പ, പ്രളയ കാലങ്ങളിൽ ഇദ്ദേഹം ഇവിടെയെത്തി സേവനം നടത്തിയിരുന്നു. ഡോ സുഗുണനു പുറമെ ഏഴു ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

....................................

 പ്രതിദിനം 100 രക്തസാമ്പിളുകൾ പരിശോധിക്കാം
 6 -7 മണിക്കൂറിൽ പരിശോധനാഫലം അറിയാനാകും

................................

'സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരീക്ഷണത്തിലുള്ളവരുടെ രക്ത സാമ്പിളുകൾ നിശ്ചിത ഇടവേളകളിൽ ഇവിടെയെത്തിച്ച് പരിശോധിക്കുന്നുണ്ട്. മികച്ച നിലവാരത്തിലേക്ക് യൂണിറ്റിനെ എത്തിക്കാനാകും'

ഡോ. എ.പി.സുഗുണൻ

ഓഫീസർ ഇൻ ചാർജ്