എടത്വാ : പമ്പ നദിയിൽ എക്കലടിഞ്ഞ് നീരൊഴുക്ക് തടസപ്പെടുന്നതിനെത്തുടർന്ന് പാടശേഖരങ്ങളിൽ വെള്ളം കയറ്റാൻ കർഷകർ പെടാപ്പാടിൽ. കുട്ടനാട്, ഹരിപ്പാട് മണ്ഡലങ്ങൾ തമ്മിൽ വേർതിരിക്കുന്ന ചെക്കിടിക്കാട്, പാണ്ടി തീരത്തുകൂടി കടന്നുപോകുന്ന ഭാഗത്ത് പമ്പയുടെ പകുതിയിലേറെ ഭാഗം എക്കലടിഞ്ഞ് നികന്നു.
ബോട്ടുകളും വലിയ വള്ളങ്ങളും പാണ്ടി തീരത്തോട് ചേർന്ന് കഷ്ടിച്ചാണ് കടന്നുപോകുന്നത്. നദിയിൽ ജലനിരപ്പ് കുറഞ്ഞതോടെ സമീപത്തെ ചെക്കിടിക്കാട് നന്നാട്ടുമാലിൽ പാടത്ത് വെള്ളം കയറ്റാൻ കർഷകർ പെടാപ്പാടിലാണ്. വെള്ളപ്പൊക്ക സമയത്ത് ഒഴുക്ക് ശക്തമാകുന്നതോടെ പാടശേഖത്തിന്റെ പുറംബണ്ട് തകരുന്നതും നിത്യസംഭവമാണ്. സംരക്ഷണഭിത്തി നിർമ്മിക്കാത്ത പുറംബണ്ട് ബലവത്താക്കാൻ കർഷകർ വെച്ച തെങ്ങുകളും നദിയിലേക്ക് കടപുഴകി വീഴാറുണ്ട്.
നദിതീരം നികന്നതോടെ വിളവെടുപ്പ് സീസണിൽ പാടത്തുനിന്ന് ശേഖരിക്കുന്ന നെല്ല് ഒരുകിലോമീറ്ററോളം ചുമന്നുവേണം വള്ളത്തിൽ കയറ്റാൻ. ഇതുകാരണം ചുമട്ടുകൂലി ഇനത്തിൽ വൻതുക ചെലവാകുന്നതായി കർഷകർ പറയുന്നു.
മുൻകാലങ്ങളിൽ നദിയിലെ എക്കൽമണ്ണും ചെളിയും വാരിമാറ്റിയിരുന്നതാണ്. എന്നാൽ, നദീസംരക്ഷത്തിന്റെ പേരിൽ എക്കലും ചെളിയും ഖനനം ചെയ്യുന്നത് നിർത്തയതോടെയാണ് പമ്പ നികന്നുതുടങ്ങിയത്. പമ്പയിൽ നിന്ന് എക്കൽമണ്ണ് ഡ്രഡ്ജ് ചെയ്ത് നീക്കിയാൽ സമീപ പാടശേഖരങ്ങളുടെ സംരക്ഷണബണ്ട് നിർമ്മിക്കാനുപയോഗിക്കാമെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു. .