ആലപ്പുഴ: പ്രളയാനന്തര പുനർ നിർമ്മാണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ അഭ്യർത്ഥനപ്രകാരം ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റി, പ്രളയ ബാധിതർക്ക് കുടുംബശ്രീ ഭവന നിർമ്മാണ യൂണിറ്റുകൾ വഴി നിർമ്മിച്ചു നൽകിയ 121 ഭവനങ്ങളുടെ താക്കോൽദാനം ഇന്ന് നടക്കും. വൈകിട്ട് 3ന് പാതിരപ്പള്ളി കാംലോ
ട്ട് കൺവെൻഷൻ സെന്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഉദ്ഘാടനം, താക്കോൽ ദാനം എന്നിവയ്‌ക്കൊപ്പം വീട് നിർമാണം വേഗത്തിലാക്കി എട്ട് മാസത്തിനകം പദ്ധതി പൂർത്തീകരിക്കുന്നതിന് നേതൃത്വം നൽകിയ മുൻ സബ്കളക്ടർ വി.ആർ.കൃഷ്ണതേജയ്ക്കുള്ള ഉപഹാര സമർപ്പണവും മുഖ്യമന്ത്രി നിർവഹിക്കും. രാമോജി ഗ്രൂപ്പിനുള്ള ഉപഹാര സമർപ്പണവും നിർമ്മാണ ഗ്രൂപ്പുകൾക്കുള്ള ഇൻസെൻറീവ് വിതരണവും മന്ത്രി ജി. സുധാകരൻ നിർവഹിക്കും. മന്ത്രി ഡോ. ടി.എം തോമസ് ഐസക് അദ്ധ്യക്ഷത വഹിക്കും. പദ്ധതി നിർവഹണം നടത്തിയ ടീം അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം മന്ത്രി പി. തിലോത്തമനും സുവനീർ പ്രകാശനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നിർവഹിക്കും. രാമോജി ഗ്രൂപ്പ് പ്രതിനിധികളായ ചെറുകുരി കിരൺ, ശൈലജ കിരൺ എന്നിവർ മുഖ്യാതിഥികളായിരിക്കും.