ആലപ്പുഴ: കെ.എം.മാണിക്ക് സ്മാരകം അനുവദിച്ചത് രാഷ്ട്രീയ മാന്യതയാണെന്നും അതിനായി അഞ്ച് കോടി രൂപ അനുവദിച്ചതിൽ തെറ്റില്ലെന്നും മന്ത്രി ഡോ.ടി.എം.തോമസ് ഐസക് പറഞ്ഞു. മാണിയെ സി.പി.എം എതിർത്തിരുന്നെങ്കിലും അംഗീകരിച്ചിരുന്ന വലിയൊരു സമൂഹം സംസ്ഥാനത്തുണ്ട്. അതുകൊണ്ട് സ്മാരകം അനിവാര്യമാണ്. കേരള രാഷ്ട്രീയത്തിൽ കെ.എം.മാണിയുടെ സ്ഥാനം നിഷേധിക്കാനാവില്ല. എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപക നിയമനത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതിൽ മാറ്റമുണ്ടാകില്ല. വിയോജിപ്പ് ഉണ്ടെങ്കിൽ ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ മുന്നിൽ കണക്കുകൾ പരിശോധിക്കേണ്ടി വരും. പതിനായിരം തസ്തികകളാണ് അനധികൃതമായി സൃഷ്ടിച്ചത്. ഒരു ക്ളാസിൽ ഒരു വിദ്യാർത്ഥി അധികമായി വന്നാൽ പോലും നിയമനം നടത്തുകയാണ്. ശമ്പളം ഇനത്തിൽ സർക്കാരിന് വൻ നഷ്ടമുണ്ടാക്കി മുന്നോട്ട് പോകാൻ അനുവദിക്കില്ല. പ്രതിപക്ഷം വഴിവിട്ടു സഹായിച്ചത് കൊണ്ടാണ് ഇപ്പോൾ എതിർപ്പുമായി രംഗത്ത് വന്നതെന്നും ആലപ്പുഴ സർവോദയപുരത്ത് പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ മന്ത്രി മാദ്ധ്യമപ്രവർത്തകരോടു പറഞ്ഞു.