ആലപ്പുഴ: കലകളിൽ ഏറ്റവും ശ്രഷ്ടമായ കലയാണ് രാഷ്ട്രീയമാണെന്ന വിവരം രാഷ്ട്രീയപ്രവർത്തകർ അറിഞ്ഞിരിക്കണമെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു. കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പണിയില്ലാത്തവരുടെ തൊഴിലാണ് രാഷ്ട്രീയ പ്രവർത്തനം എന്നാണ് ചിലരുടെ ധാരണ. ഭരണഘടനഅറിയണം. എല്ലാനിയമങ്ങളും അറിയണം. സാമ്പത്തിക ശാസ്ത്രവും, സാമൂഹികശാസ്ത്രവും അൽപം സാഹിത്യവും അറിഞ്ഞിരിക്കണം. എന്നാലേ രാഷ്ട്രത്തെ നയിക്കാൻസാധിക്കൂ. എന്നാൽ രാഷ്ട്രീയത്തെകുറിച്ച് പറഞ്ഞ് പരത്തുന്നത് വേറെ വിധത്തിലാണ്. 2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഭരിക്കാൻ സാദ്ധ്യതയുള്ളവർക്ക് മാത്രം വോട്ട് ചെയ്താൽ മതിയെന്ന ചിന്താഗതി വന്നു. അത് രാഷ്ട്രീയ നിരക്ഷരതയാണ്. രാഷ്ട്രീയ സംസ്‌കാരത്തെ ഭരണകൂട ശക്തികൾ കീഴ്പ്പെടുത്തിനാണ് ശ്രമിക്കുന്നത്. എല്ലാത്തിലും യുക്തിപൂർവമായ ചർച്ച നടക്കണം. നിലപാടുകളും ആശയങ്ങളും ഉണ്ടാവണം. സാമ്പത്തിക വീക്ഷണം ലക്ഷ്യമിട്ടാണ് വിദ്യാർത്ഥികൾ ഡോക്ടർമാരും എൻജിനീയർമാരും ആകാൻ താല്പര്യം കാണിക്കുന്നത്. ചരിത്രത്തെ തിരസ്കരിച്ചിട്ടുള്ളവർ നിലനിന്നിട്ടില്ല. ജനങ്ങളുടെ നേതാവായിട്ടാണ് അദ്ധ്യപകർ മുമ്പ് അറിയപ്പെട്ടതെങ്കിൽ ഇന്ന് സ്കൂളിന്റെ പരിസരത്തുള്ളവർക്ക് പോലും അദ്ധ്യാപകരെ അറിയാൻ കഴിയുന്നില്ലെന്നും ജി.സുധാകരൻ പറഞ്ഞു. കെ.എസ്.ടി.എ വൈസ് പ്രസിഡന്റ് കെ.റെജി അദ്ധ്യക്ഷത വഹിച്ചു. പി.വേണുഗോപാൽ, കെ.രാജേന്ദ്രൻ, കെ.സി.ഹരികൃഷ്ണൻ, പ്രസന്നകുമർ എന്നിവർ സംസാരിച്ചു.