ആലപ്പുഴ:ഭരണഘടന ഉറപ്പുനൽകുന്ന ശാസ്ത്രീയ കാഴ്ചപ്പാടോ വിദ്യാഭ്യാസ തുല്യതയോ സാമൂഹ്യനീതിയോ ദേശീയ വിദ്യാഭ്യാസ നയം പ്രതിഫലിപ്പിക്കുന്നില്ലെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ വൈസ് പ്രസിഡന്റ് യു. വാസുകി പറഞ്ഞു. കെ.എസ്.ടി.എ 29-ാം സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു വാസുകി.
മാനുഷികമൂല്യങ്ങൾക്കോ സ്വതന്ത്ര ചിന്തയ്ക്കോ പ്രാധാന്യമില്ല; പകരം വർഗീയ വത്കരണവും അശാസ്ത്രീയ വാദങ്ങളും അന്ധവിശ്വാസവും കടന്നുവരുന്നതിന് അവസരമൊരുക്കുകയാണ്.
വിദ്യാഭ്യാസത്തെ കൺകറന്റ് ലിസ്റ്റിൽ നിന്ന് മാറ്റി കേന്ദ്രത്തിന്റെ പൂർണ അധികാരത്തിലാക്കിയിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിലുള്ള രാഷ്ട്രീയ ശിക്ഷാ ആയോഗിനാണ് പൂർണ അധികാരം. കേന്ദ്ര റെഗുലേറ്ററി അതോറിട്ടിയുടെ കീഴിൽ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ വകുപ്പുകളുടെ അധികാരം പരിമിതമാകും. പ്ലാസ്റ്റിക് സർജറി ചെയ്ത സംഭവം പുരാണത്തിലുണ്ടെന്ന് പ്രധാനമന്ത്രി പറയുന്നു. ക്ലോണിംഗും വിമാനവും പുരാതന ഇന്ത്യയിൽ കണ്ടുപിടിച്ചതാണെന്നും പശു ശ്വസിക്കുന്നതും പുറത്തുവിടുന്നതും ഓക്സിജൻ ആണെന്നും ബിജെപിയുടെ കേന്ദ്ര, സംസ്ഥാന മന്ത്രിമാർ പറയുന്നു. ഇവരൊക്കെയാണ് തീരുമാനമെടുക്കേണ്ടവർ. പരിമിതികൾക്കുള്ളിനിന്നുകൊണ്ട് ഗുണമേൻമയുള്ള പൊതുവിദ്യാഭ്യാസത്തിൽ കേരളം മുൻനിരയിലെത്തിയത് പ്രശംസനീയമാണെന്നും അവർ പറഞ്ഞു. കെ.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് കെ.ജെ. ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. ആർ.നാസർ, സി.എൻ.ഭാരതി, എ. ശ്രീകുമാർ, ടി.സി.മാത്തുക്കുട്ടി, പി.വി.രാജേന്ദ്രൻ, കെ.എം.സച്ചിൻദേവ്, കെ.സി.ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു.