ആലപ്പുഴ :സംസ്ഥാനത്തെ കായിക മേഖലയ്ക്ക് മുൻപൊരിക്കലുമില്ലാത്ത രീതിയിലുള്ള മുന്നേറ്റമാണ് ഉള്ളതെന്ന് മന്ത്രി ഡോ. ടി.എം.തോമസ് ഐസക് പറഞ്ഞു. സംസ്ഥാനത്തെ കടൽതീര മേഖലകളിലെ കായിക വികസനം ലക്ഷ്യമാക്കിക്കൊണ്ട് സംസ്ഥാന കായിക യുവജനകാര്യ വകുപ്പ്, സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ, ആലപ്പുഴ ജില്ല സ്‌പോർട്‌സ് കൗൺസിൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ബീച്ച് ഗെയിംസിന്റെ ഭാഗമായുള്ള സംസ്ഥാന തല കബഡി ചാമ്പ്യൻഷിപ്പ് ആലപ്പുഴ ബീച്ചിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ബഡ്ജറ്റിൽ ഏകദേശം 2000 കോടിയോളം രൂപയാണ് സ്‌പോർട്‌സിനായി ഇത്തവണ മാറ്റിവെച്ചത് . സംസ്ഥാനത്തെ കായിക താരങ്ങൾ മിന്നുന്ന പ്രകടനമാണ് അന്താരാഷ്ട്ര വേദികളിൽ വരെ കാഴ്ച വയ്ക്കുന്നത്. അടുത്ത ബഡ്ജറ്റിൽ സ്‌പോർട്‌സിനായി കൂടുതൽ തുക നീക്കിവെക്കും. ജില്ലയിലെ കായികരംഗം ഊർജപ്പെടുത്താൻ ചെത്തി -മാരാരിക്കുളം ഭാഗങ്ങളിലായി ഹോക്കി, ക്രിക്കറ്റ്, ഫുട്ബാൾ ഗ്രൗണ്ടുകൾ ഉടൻ നിലവിൽ വരുമെന്നും മന്ത്രി പറഞ്ഞു.

14 ജില്ലകളെയും പ്രതിനിധീകരിച്ചു കൊണ്ടുള്ള പുരുഷ - വനിതാ ടീമുകൾ ആണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. ആലപ്പുഴ ലിയോ തേർട്ടീന്ത് സ്‌കൂളിൽ നിന്ന് ദീപശിഖ ബീച്ചിൽ എത്തിച്ചു. സംസ്ഥാന തലത്തിൽ ആലപ്പുഴ കൂടാതെ തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ബീച്ച് ഗെയിംസ് നടക്കുന്നത്. മേള ഇന്ന് അവസാനിക്കും. മന്ത്രി ജി. സുധാകരൻ സമ്മാനദാനം നിർവഹിക്കും. കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് മേഴ്‌സിക്കുട്ടൻ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് പി.ജെ.ജോസഫ് , വി.ജി. വിഷ്ണു, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി.മാത്യു, ജനപ്രതിനിധികൾ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.