ചേർത്തല : ഉത്സവ ചടങ്ങുകളിൽ താന്ത്രികാനുഷ്ഠാനത്തോടൊപ്പം പൂർവാചാരങ്ങൾക്കും പ്രധാന്യം
നൽകുന്ന ക്ഷേത്രമാണ് കണിച്ചുകുളങ്ങര. ദേവിക്ക് ഏറെ പ്രിയമുള്ള തോറ്റംപാട്ട് (ഭഗവതിപ്പാട്ട്) ശ്രവിക്കാൻ ഭക്തജനത്തിരക്കേറി.
ക്ഷേത്രോത്പത്തിയുമായി ബന്ധപ്പെട്ടിട്ടുള്ളതാണ് തോറ്റംപാട്ട്. കൊടിയേറുന്ന നാൾ മുതൽ ക്ഷേത്രത്തിന് മുന്നിൽ ക്ഷേത്രത്തിലെ ഏഴ് അവകാശികളിലൊന്നായ വേലൻ സമുദായത്തിൽപ്പെട്ടവരാണ് തോറ്റംപാട്ട് നടത്തുന്നത്.ഇവർ മാവേലനെന്നും ചാക്കയെന്നും അറിയപ്പെടും. കുഴിത്താളം എന്ന കൈമണി പോലുള്ള വാദ്യോപകരണം തോറ്റംപാട്ടിന് താളംപകരും. തോറ്റം പാടാനിരിക്കുന്നവരുടെ നാവിൽ ദേവീ കടാക്ഷത്താൽ വരുന്ന ഭഗവതി സ്തുതികളാണ് പാട്ടായി ചൊല്ലുന്നത്.ദേവിയുടെ കാൽനഖം മുതൽ ഉച്ചിയിലെ മുടിയിഴവരെയും തോറ്റം ചൊല്ലി വാഴ്ത്തും.ഇത് കേട്ട് ആസ്വദിക്കാൻ ദേവി പാട്ടുകാരുടെ വലതു വശം വന്നിരിക്കുമെന്നാണ് വിശ്വാസം.കേരളത്തിൽ അന്യംനിന്നുപോകുന്ന ഒരു പരമ്പരാഗത കലകൂടിയാണ് തോറ്റംപാട്ട്. വർഷങ്ങൾ നീണ്ട തപസ്യയിലൂടെ ക്ഷേത്രത്തിന് മുന്നിൽ വന്നിരുന്ന് ദേവിയെ ഭജിച്ചുവേണം ഇത് സായത്തമാക്കാൻ.
ദീപാരാധനയ്ക്ക് ശേഷം തുടങ്ങുന്ന ചടങ്ങ് വെളിച്ചപ്പാട് വരയ്ക്കുന്ന കളം കൊള്ളുന്നതുവരെ തുടരും.ആദ്യദിവസങ്ങളിൽ ഭസ്മക്കളം പിന്നീട് ആൽ,അമ്പലം,ചൂണ്ടക്കാരനും മീനും, പൊയ്കയും താമരയും,അവസാനദിവസം ഭദ്റകാളിയുടെ രൂപവുമാണ് വരയ്ക്കുന്നത്.ദേവിയുടെ ജനനം മുതൽ കൊടുങ്ങല്ലൂരിൽ ചെന്നിരിക്കുന്നത് വരെയുള്ള കഥകളും ഉപകഥകളും പാടി പുകഴ്ത്തുകയാണ് ചെയ്യുന്നത്.ഇതിനിടയിൽ ഗണപതിയും സരസ്വതിയുമൊക്കെ കടന്നുവരും.മാപ്പിളശേരി എം.കെ.പുരുഷൻ,ജോബ് പന്തലിപ്പറമ്പ്,രവീന്ദ്രൻ ദൈവത്തുങ്കൽ,ശശിന്ദ്രൻ കണ്ടനാട്ട്ചിറ എന്നിവരാണ് തോറ്റം പാട്ടിന് നേതൃത്വം നൽകുന്നത്.
കണിച്ചുകളങ്ങരയിൽ ഇന്ന്
ദീപാരാധന,വിളക്ക് വൈകിട്ട് 6.30ന്,സംഗീതസദസ് 7.30ന്,തിരുവാതിര രാത്രി 9ന്