01

ആലപ്പുഴ: അവിയലും തോരനും അച്ചാറും. സാമ്പാറും പുളിശേരിയും രസവും ചൂട് മീൻകറിയും. ഊണ് കുശാലാണ്. ഉണ്ടു കഴിയുമ്പോൾ ബില്ല് തരില്ല. പണവും ചോദിക്കില്ല. മനസുനിറഞ്ഞെങ്കിൽ സമീപത്തെ പെട്ടിയിൽ ഇഷ്ടമുള്ളത് നിക്ഷേപിക്കാം. ആലപ്പുഴ പാതിരപ്പള്ളി ദേശീയപാതയോരത്തെ 'സ്നേഹജാലകം' ജനകീയ ഭക്ഷണശാലയിലെ ഉൗണ് വിശേഷമാണിത്.

സംസ്ഥാനത്തെ വിശപ്പു രഹിതമാക്കാൻ 25 രൂപയ്ക്ക് ഊണ് കിട്ടുന്ന 1000 ഭക്ഷണ ശാലകൾ തുറക്കുമെന്ന് ബഡ്‌ജറ്റിൽ പ്രഖ്യാപിക്കാൻ മന്ത്രി തോമസ് ഐസക്കിന് ആത്മവിശ്വാസം പകർന്നത് ഈ സ്നേഹജാലകമാണ്.

'സ്നേഹജാലകം വിശപ്പില്ലാ സ്നേഹഗ്രാമം' എന്ന പദ്ധതിയിലൂടെ 2018 മാർച്ചിലാണ് ജനകീയ ഭക്ഷണശാല തുറന്നത്. തോമസ് ഐസക്കാണ് രക്ഷാധികാരി. ജയൻ തോമസ് പ്രസിഡന്റും സജിത്ത് രാജ് സെക്രട്ടറിയുമായുള്ള ട്രസ്റ്റിനാണ് മേൽനോട്ടം. മരിച്ചവരുടെ ഓർമ്മദിനത്തിൽ അന്നദാനത്തിനായി ബന്ധുക്കൾ പണം നൽകുന്നത് സ്നേഹജാലകത്തിന് വലിയ സഹായമായി. ആലപ്പുഴ നഗരസഭയുടെ 'വിശക്കുന്നവർക്ക് ഭക്ഷണം' പദ്ധതിയിൽ 150 ഓളം പേർക്ക് ഉച്ചഭക്ഷണം എത്തിക്കുന്നുണ്ട്. നഗരസഭയിൽ നിന്ന് ഒരു ഊണിന് 20 രൂപ വീതം വാങ്ങും.

സ്നേഹജാലകത്തിൽ ദിവസം 600 ഊണ് വരെ ചെലവാകും. രാവിലെ പുട്ട്, ഉപ്പ്മാവ്, ഇഡ്ഡലി തുടങ്ങിയ വിഭവങ്ങൾ ഉണ്ടാകും. ബോക്സിൽ ദിവസം 3000 മുതൽ 4000 രൂപവ രെ കിട്ടാറുണ്ട്.

ആദ്യ വർഷം

ചെലവ് ഒരു കോടി

വരവ് 85 ലക്ഷം

ആദ്യ വർഷം സ്നേഹജാലകം ഭക്ഷണ വിതരണത്തിന് ഒരു കോടിയോളം രൂപ ചെലവിട്ടു. വരവ് 85 ലക്ഷത്തോളം. ഇത്തവണത്തെ കണക്കായിട്ടില്ല. പ്രധാന കുക്കും വനിതാ ജീവനക്കാരുമടക്കം 14 ജോലിക്കാരുണ്ട്. മാസം ഒന്നര ലക്ഷത്തോളം രൂപ ശമ്പളത്തിന് വേണം. വീടുകളിൽ ഭക്ഷണം എത്തിക്കാനുള്ള ചെലവ് പുറമേ.

പൊതിച്ചോറിലെ തുടക്കം

സി.പി.എം പാതിരപ്പള്ളി ലോക്കൽ കമ്മിറ്റിയുടെ പാലിയേറ്റീവ് യൂണിറ്രായ സി.ജി.ഫ്രാൻസിസ് സ്‌മാരക ട്രസ്റ്റിന്റെ 2017 ലെ വാർഷിക സമ്മേളനത്തിൽ, നമ്മുടെ പ്രദേശത്ത് വിശന്നിരിക്കുന്നവർ ഉണ്ടാവരുതെന്ന് മന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു. അങ്ങനെ ഉച്ചഭക്ഷണത്തിന് നിവൃത്തിയില്ലാത്ത 56 വീടുകൾ കണ്ടെത്തി. ഈ വീടുകളിൽ പൊതിച്ചോറ് എത്തിക്കുകയായിരുന്നു ആദ്യ ദൗത്യം. ഇതാണ് സ്നേഹജാലകമായി വളർന്നത്. സ്റ്റീം കിച്ചൺ അടക്കമുള്ള ആധുനിക അടുക്കള നിർമ്മിക്കാൻ കെ.എസ്.എഫ്.ഇയും സഹായിച്ചു.

രണ്ടാം റൗണ്ടിൽ 'സുഭിക്ഷ'യും

സ്നേഹജാലകത്തിന്റെ വിജയത്തോടെ സിവിൽ സപ്ളൈസ് കോർപ്പറേഷൻ

ആലപ്പുഴ ശവക്കോട്ട പാലത്തിന് സമീപം 'സുഭിക്ഷ' എന്ന ജനകീയ ഭക്ഷണശാല ആരംഭിച്ചു. 20 രൂപയ്ക്ക് മൂന്ന് തൊടുകറികളുള്ള ഊണ് നൽകും. കുടുംബശ്രീയിലെ ഏഴ് വനിതകളാണ് നടത്തിപ്പ്. മീനോ ഇറച്ചിയോ വേണമെങ്കിൽ 30 രൂപ കൂടുതൽ നൽകണം.