ആലപ്പുഴ:ലോകത്തിന് മാതൃകയാകുന്ന സംസ്ഥാനത്തെ ആദ്യത്തെ ആരോഗ്യമ്യൂസിയം ആലപ്പുഴയിൽ സ്ഥാപിക്കുമെന്ന് മന്ത്രി ഡോ. ടി.എം.തോമസ് ഐസക് പറഞ്ഞു. ജനറൽ ആശുപത്രിയിൽ പുതുതായി നിർമ്മിക്കുന്ന ഒ.പി ബ്ളോക്കിന്റെ ശിലാസ്ഥാപനചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പഴക്കം ചെന്ന കൊട്ടാരം ആശുപത്രി കെട്ടിടം മ്യൂസിയത്തിനായി പുരാവസ്തു വകുപ്പ് ഏറ്റെടും. നിലവിൽ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ജില്ലാ മെഡിക്കൽ ഓഫീസും അനുബന്ധ വിഭാഗങ്ങളും പ്രവർത്തിക്കുന്നതിന് പുതിയ ബ്ളോക്ക് നിർമ്മിക്കും. കെട്ടിടത്തിന് ആവശ്യമായ പ്ളാനും എസ്റ്റുമേറ്റും അടിയന്തരമായി സമർപ്പിക്കാൻ ആരോഗ്യ വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു. മാസ്റ്റർ പ്ളാൻ ലഭിച്ചാൽ കിഫ്ബിയിൽ നിന്ന് ഫണ്ട് അനുവദിക്കുമെന്നും രണ്ട് മാസത്തിനുള്ളിൽ നിർമ്മാണ പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു. സെന്റർ സ്റ്റോറിന്റെ ഉദ്ഘാടനവും ഒ.പി ബ്ളോക്കിന്റെ ശിലാസ്ഥാപനവും മന്ത്രി കെ.കെ.ശൈലജ നിർവഹിച്ചു. എ.എം.ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തി.