 ഏഴ് നിലകളിലായി ഒരുങ്ങുന്നത് അത്യാധുനിക ഒ.പി ബ്ളോക്ക്

 12മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തികരിക്കും

ആലപ്പുഴ : സൗകര്യങ്ങളെല്ലാമുണ്ടായിട്ടും രോഗികൾക്ക് പ്രയോജനപ്പെടുന്നില്ലെന്ന പേരുദോഷത്തിൽ നിന്ന് മോചനം നേടുകയാണ് ആലപ്പുഴ ജനറൽ ആശുപത്രി. പുതിയ കെട്ടിടം നിർമ്മിക്കുന്നതിനും ഡോക്ടർമാരെയുൾപ്പെടെ നിയമിക്കുന്നതിനും നടപടിയായി.

18വിഭാഗങ്ങളിലായി 400 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമാണ് ആശുപത്രിയിൽ നിലവിലുള്ളത്. പുതുതായി ആരംഭിക്കുന്ന കാത്ത് ലാബിലും കാർഡിയോളജി വിഭാഗത്തിലും പാലിയേറ്റിക് വാർഡിലേക്കും ആവശ്യമായ ഡോക്ടർമാരെയും മൂന്ന് നഴ്സുമാരേയും നിയമിക്കാൻ ആശുപത്രി അധികൃതർക്ക് മന്ത്രി കെ.കെ.ശൈലജ നിർദ്ദേശം നൽകി.

ഇപ്പോൾ നഗരസഭയുടെ സഹായത്തോടെ ഡയാലിസിസ് യൂണിറ്റും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. രണ്ടായിരത്തോളം രോഗികളാണ് പ്രതിദിനം ഇവിടെ ഒ.പി വിഭാഗത്തിലെത്തുന്നത്. ഏഴ് നിലകളായി ഒരുങ്ങുന്ന അത്യാധുനിക ഒ.പി കെട്ടിടത്തിനാണ് ഇന്നലെ മന്ത്രി കെ.കെ.ശൈലജ തറക്കല്ലിട്ടത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 117 കോടി രൂപ ചെലവിലാണ് കെട്ടിടം നിർമിക്കുന്നത്.

നിലവിൽ ആശുപത്രിയുടെ പലഭാഗങ്ങളിലായി പ്രവർത്തിക്കുന്ന ഒ.പി. വിഭാഗങ്ങളെ ഒറ്റ കെട്ടിടത്തിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ബ്ലോക്കിന്റെ നിർമ്മാണം . ഏഴ് നിലകളിലായി 12695 സ്‌ക്വയർ മീറ്റർ വിസ്തൃതിയിലാണ് കെട്ടിടം. ഹൃദ്രോഗ ചികിത്സ ജനറൽ ആശുപത്രിയിൽ ലഭ്യമാക്കുന്നതിന്റെ ഭാഗമായി കാത്ത് ലാബ് സൗകര്യം ഒരുക്കുന്നതിന് മുന്നോടിയായി ഹൈ ടെൻഷൻ സബ് സ്റ്റേഷന്റെ നിർമ്മാണത്തിനും ഇന്നലെ തുടക്കം കുറിച്ചു.

ആലപ്പുഴ ജനറൽ ആശുപത്രി

2007 : പഴയ മെഡിക്കൽ കോളേജ് ആശുപത്രി ജനറൽ ആശുപത്രിയാക്കി

341 ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നു

117 കോടിരൂപചെലവിലാണ് പുതിയ കെട്ടിടനിർമ്മാണം

പുതിയ കെട്ടിടം

 ഏഴു നിലകൾ

 ഒ .പി., നഴ്സിംഗ് വിഭാഗങ്ങൾ

ഫാർമസി, ലാബ്, എക്സ്റേ, സി-റ്റി സ്‌കാൻ സൗകര്യങ്ങളും

പുതുതായി

കാത്ത്ലാബിലേക്ക് സർജനെ നിയമിക്കും

ആധുനിക പാലിയേറ്റീവ് കെയർ വാർഡ് രൂപീകരിക്കും. ഒരു ഡോക്ടറേയും മൂന്ന് നഴ്സുമാരേയും നിയമിക്കും

പ്രായമായവർക്കായി പ്രത്യേക വാർഡ്