ആലപ്പുഴ: സംസ്ഥാനത്ത് ആരോഗ്യ മേഖലയിൽ 5200 തസ്തികകൾ പുതുതായി സൃഷ്ടിക്കാൻ സാധിച്ചെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. ആലപ്പുഴ ജനറൽ ആശുപത്രിയിൽ നിർമ്മിക്കുന്ന എഴ്നില ഒ.പി ബ്ളോക്കിന്റെ ശിലാസ്ഥാപനവും സെൻട്രൽ സ്റ്റോറിന്റെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി.സംസ്ഥാനത്ത് പ്രവർത്തിക്കുന്ന പാലിയേറ്റീവ് കെയർ യൂണിറ്റുകളുടെ പ്രവർത്തനത്തെ ഏകോപിപ്പിച്ചുള്ള പ്രവർത്തനത്തിന് തുടക്കം കുറിക്കും.

സംസ്ഥാനത്തെ ഒരു സർക്കാർ ആശുപത്രി പോലും സ്വകാര്യമേഖലയ്ക്ക് കൈമാറില്ല. ആശുപത്രികൾ എല്ലാം ഹൈടെക്കായി മാറ്റിക്കൊണ്ടിരിക്കുകയാണ്. കിഫ്ബി വഴി വലിയ രീതിയിലുള്ള സാമ്പത്തിക സഹായമാണ് ആശുപത്രികളുടെ നവീകരണത്തിന് ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഹൃദ്രോഗ ചികിത്സ ജനറൽ ആശുപത്രിയിൽ ലഭ്യമാക്കുന്നതിന്റെ ഭാഗമായി കാത്ത് ലാബ് സൗകര്യം ഒരുക്കുന്നതിനുള്ള ഹൈടെൻഷൻ സബ് സ്റ്റേഷന്റെ ശിലാസ്ഥാപനം മന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക് നിർവഹിച്ചു.
നഗരസഭാദ്ധ്യക്ഷൻ ഇല്ലിക്കൽ കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു.

എ.എം. ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തി. ആശുപത്രി സൂപ്രണ്ട് ഡോ.ജമുന വർഗീസ് റിപ്പോർട്ട് അവതരിപ്പിച്ചു. മത്സ്യഫെഡ് ചെയർമാൻ പി.പി.ചിത്തരഞ്ജൻ, നഗരസഭ വൈസ് ചെയർമാൻ സി.ജ്യോതിമോൾ, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ എ.എ.റസാഖ്, ബഷീർ കോയാപറമ്പിൽ, ബിന്ദു തോമസ്, അഡ്വ. ജി.മനോജ് കുമാർ, ജില്ല മെഡിക്കൽ ഓഫീസർ ഡോ. എൽ.അനിതാകുമാരി, കൺസിലർമാരായ ഷോളി സിദ്ധകുമാർ, എ.എം. നൗഫൽ, ഡി.ലക്ഷ്മണൻ, ആർ.എം.ഒ. ഡോ. എസ്.ഷാലിമ, ഡോ. രാധാകൃഷ്ണൻ, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. ആർ.വി.രാംലാൽ, ബി.നസീർ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ടി.എസ്.സിദ്ധാർത്ഥൻഎന്നിവർ സംസാരിച്ചു.