ആലപ്പുഴ:എയ്ഡഡ് സ്കൂളുകൾ വാടകയ്ക്ക് എടുത്തോളൂ എന്ന ചില സ്കൂൾ മാനേജർമാരുടെ നിർദ്ദേശം സർക്കാരിനെ ഭയപ്പെടുത്തുന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.എയ്ഡഡ് സ്കൂൾ അദ്ധ്യാപകർക്ക് ശമ്പളം കൊടുക്കുന്ന സർക്കാരിന് വാടക ഒരു ബാദ്ധ്യതയല്ല.മാനേജർമാർ തയാറാണെങ്കിൽ അക്കാര്യം ആലോചിക്കാം. അതുകൊണ്ട്, അത്തരത്തിലുള്ള വിരട്ടൽ വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.ടി.എ) സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.
ചിലരുടെ പ്രതികരണം എന്തുകൊണ്ടാണെന്ന് മനസിലാവുന്നില്ല.പുതിയ ഡിവിഷനും തസ്തികയും സൃഷ്ടിക്കുമ്പോൾ സർക്കാർ കൂടി അറിയണമെന്ന നിലപാടാണ് ബഡ്ജറ്റിലൂടെ വ്യക്തമാക്കിയത്.വിദ്യാഭ്യാസ രംഗത്ത് എയ്ഡഡ് മേഖല വഹിച്ച പങ്ക് പ്രധാനപ്പെട്ടതാണ്. ആരും അത് മറക്കുന്നില്ല. എന്നാൽ വിദ്യാഭ്യാസ രംഗത്ത് കച്ചവട താത്പര്യത്തോടെ ചിലർ വന്നിട്ടുണ്ട്.കുട്ടികളുടെ എണ്ണം പെരുപ്പിച്ച് കാട്ടുന്ന സ്ഥിതിയുണ്ട്. സംശുദ്ധമായി പ്രവർത്തിക്കുന്നവർക്ക് യാതൊരു ബുദ്ധിമുട്ടും വരില്ല.തെറ്റായ രീതികൾ നിയന്ത്രിക്കാനുള്ള നടപടികൾ മാത്രമാവും സർക്കാർ കൈക്കൊള്ളുക.
സെൻസസുമായി ബന്ധപ്പെട്ട് എന്യൂമറേറ്റർമാരായി പോകുന്ന അദ്ധ്യാപകർ ദേശീയ പൗരത്വ രജിസ്റ്ററിന് വേണ്ടിയുള്ള ഭാഗത്തേക്ക് കടക്കേണ്ടതില്ല. വീടുകളുമായി ബന്ധപ്പെട്ട വിവരങ്ങളിൽ മാത്രം ഒതുങ്ങി നിന്നുള്ള സെൻസസ് പ്രവർത്തനം മതി.പൗരത്വ ഭേദഗതി ബിൽ കേരളത്തിൽ നടപ്പാക്കില്ല.അത് ആർ.എസ്.എസ് അജണ്ടയുടെ ഭാഗമാണ്.ഭരണഘടനയ്ക്ക് അതീതമായ നിയമത്തിന് നിലനില്പില്ല. കേരളം സ്വീകരിച്ച നിലപാടിന് വലിയ അംഗീകാരം കിട്ടിയിട്ടുണ്ട്.എന്നാൽ ഇക്കാര്യത്തിൽ യോജിച്ച എതിർപ്പിന് കോൺഗ്രസ് തയ്യാറാവുന്നില്ല. മുസ്ലിം ലീഗിന്റെ നേതാക്കൾ പോലും യോജിച്ച നീക്കം വേണമെന്നാണ് നിയമസഭയിൽ പറഞ്ഞത്.നാടിന്റെ പ്രതികരണ ശേഷി ഇല്ലാതാക്കാൻഏതോ തലത്തിൽ ചില ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ.എസ്.ടി.എ പ്രസിഡന്റ് കെ.ജെ.ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു.ബിനോയ് വിശ്വം എം.പി, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.ജനറൽ സെക്രട്ടറി കെ.സി.ഹരികൃഷ്ണൻ സ്വാഗതവും സ്വാഗതസംഘം ജനറൽ കൺവീനർ എസ്.ധനപാൽ നന്ദിയും പറഞ്ഞു.
സമ്മേളനത്തിന് മുന്നോടിയായി എസ്.ഡി.വി സ്കൂളിന് മുന്നിൽ നിന്ന് പൊതു സമ്മേളന വേദിയായ ഇ.എം.എസ് സ്റ്റേഡിയത്തിലേക്ക് നടന്ന പ്രകടനത്തിൽ നൂറ് കണക്കിന് അദ്ധ്യാപകർ പങ്കെടുത്തു.