മാവേലിക്കര: കരുവാറ്റ വടക്ക് വിഷ്ണു ഭവനത്തിൽ ജിഷ്ണു (21) വിനെ കൊലപ്പെടുത്തിയ കേസിൽ മാവേലിക്കര അഡിഷണൽ ജില്ലാ കോടതി ഒന്ന് ജഡ്ജി ജോബിൻ സെബാസ്റ്റ്യൻ ഇന്ന് വിധി പറയും. സംഭവം നടന്ന് മൂന്നു വർഷം പൂർത്തിയാകുന്ന ദിവസമാണ് കേസിന്റെ വിധി വരുന്നത്. 2018 നവംബറിലാണ് വിസ്താരം തുടങ്ങിയത്.
2017 ഫെബ്രുവരി 10 നായിരുന്നു ജിഷ്ണുവിന്റെ കൊലപാതകം. ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ കാവടി എടുത്ത ശേഷം ബൈക്കുകളിൽ മടങ്ങിയ ജിഷ്ണുവിനെയും ജ്യേഷ്ഠൻ വിഷ്ണുവിനെയും ഇവരുടെ സുഹൃത്ത് സുരാജിനെയും ഊട്ടുപറമ്പ് റെയിൽവേ ക്രോസിൽ വച്ചാണ് ഗുണ്ടാസംഘം ആക്രമിച്ചത്. അക്രമികളിൽ നിന്നും രക്ഷപെടാൻ അര കിലോമീറ്ററിലേറെ ഓടിയ ജിഷ്ണു ഒരു വീട്ടിൽ അഭയംപ്രാപിച്ചു. ഈ വീട്ടിൽ അതിക്രമിച്ചു കയറിയ അക്രമികൾ മാരകായുധങ്ങളുപയോഗിച്ച് ജിഷ്ണുവിനെ മൃഗീയമായി ആക്രമിക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്. സുരാജിനെയും പ്രതികൾ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു.
ദേഹമാസകലം വെട്ടും കുത്തുമേറ്റ ജിഷ്ണു, വണ്ടാനം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 98 സാക്ഷികളെ വിസ്തരിച്ച കേസിൽ 71 തൊണ്ടി മുതലുകളും 215 രേഖകളും ഹാജരാക്കി. കേസിന്റെ വിസ്താര വേളയിൽ സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് പ്രതിഭാഗം അഭിഭാഷകനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. 17 പ്രതികളുള്ള കേസിൽ പത്ര, ദൃശ്യ മാധ്യമ പ്രവർത്തകരെ അടക്കം വിസ്തരിച്ചിരുന്നു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.പി സന്തോഷാണ് ഹാജരാവുന്നത്.