ആലപ്പുഴ:സൗമ്യഭാവത്തിൽ നിന്നുകൊണ്ട് നല്ല രണ്ട് തല്ല്, പിന്നീട് അതിന്റെ വേദന മാറ്റാൻ മെല്ലെ തലോടലും.

രാമോജി ഫിലിം സിറ്റി കുടുംബശ്രീ മുഖേന പ്രളയബാധിതർക്കായി നിർമിച്ച 121 ഭവനങ്ങളുടെ താക്കോൽദാന ചടങ്ങിലായിരുന്നു മുഖ്യമന്ത്രി സംഘാടകരെ കുഴക്കികളഞ്ഞത്.

മൂന്ന് മണിക്കെന്ന് നോട്ടീസിൽ അടിച്ചിരുന്ന പരിപാടി തുടങ്ങിയപ്പോൾ നാല് മണി.വൈകിയത് തന്റെ കുഴപ്പമല്ലെന്ന് ആമുഖമായി പിണറായി പറഞ്ഞു.ആശയവിനിമയത്തിൽ വന്ന പാളിച്ചയാണെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, കുടുംബശ്രീക്ക് കോർഡിനേറ്റർ ഉണ്ടെങ്കിലും ഒരു കോർഡിനേഷൻ ഉണ്ടായില്ലെന്നും പറഞ്ഞു.കുടുംബശ്രീ പ്രവർത്തകർ ധാരാളമായി എത്തിയെങ്കിലും പദ്ധതിയിലൂടെ വീടുകൾ ലഭിച്ചവരുടെ കുടുംബങ്ങളിൽ നിന്നു വേണ്ടത്ര പ്രാതിനിധ്യം കിട്ടിയോ എന്ന സന്ദേഹവും പ്രകടിപ്പിച്ചു.സർക്കാരിന്റെയും രാമോജി ഫിലിം സിറ്റിയുടെയും മനസ് ഒന്നായി വന്നപ്പോഴാണ് ഈ പദ്ധതി നടപ്പായത്.എന്നാൽ അതിന്റെ മേന്മ കുടുംബശ്രീ മാത്രം പിടിച്ചുപറ്റരുത്. യഥാർത്ഥ അവകാശികൾക്ക് ആ മേന്മ കോടുക്കണം.കുടുംബശ്രീയ്ക്ക് അല്ലാതെ തന്നെ വലിയ മേന്മയുണ്ട്.

എന്നാൽ ഈ പദ്ധതി കാര്യക്ഷമമായി നടപ്പാക്കാൻ കുടുംബശ്രീ നടത്തിയ പരിശ്രമം അഭിനന്ദനീയമാണ്. എൻജിനിയറിംഗ്,നൈപുണ്യ മേഖലകളിൽ സ്ത്രീകളുടെ പ്രാതിനിധ്യം ഉണ്ടെങ്കിലും നിർമാണ മേഖലയിൽ സാധാരണ പുരുഷന്മാരെ സ്ത്രീകൾ സഹായിക്കുന്ന സ്ഥിതി മാത്രമായിരുന്നു.അതിന് മാറ്രം കുറിക്കാൻ സാധിച്ചു.വിപുലമായ രീതിയിൽ കൂട്ടായ്മ ശക്തിപ്പെടുത്താൻ കഴിഞ്ഞു.ധാരണാ കരാർ പ്രകാരം 116 വീടുകളാണ് പദ്ധതിയിൽ നിർമിക്കേണ്ടിയിരുന്നത്. എന്നാൽ നിർമാണത്തിലൂടെ മിച്ചംപിടിച്ചതിനാലാണ് വീടുകളുടെ എണ്ണം 121ആക്കാൻ സാധിച്ചത്. അതിന്റെ മേന്മ കുടുംബശ്രീക്ക് അവകാശപ്പെട്ടതാണെന്നും മുഖ്യമന്ത്രി പ്രശംസിച്ചു.