കുട്ടനാട് : എടത്വാ - തായങ്കരി റോഡിൽ വേഴപ്ര സെന്റ് പോൾ പള്ളി മുതൽ കൊടുപ്പുന്ന പഴുതി പാലം വരെയുള്ള ഭാഗത്ത് ടാറിംഗ് വൈകുന്നത് യാത്രക്കാർക്ക് ദുരിതമാകുന്നു.
മെറ്റലിട്ടു റോഡിന്റെ ഉയരം കൂട്ടുന്നതിനുള്ള ജോലികൾ ആരംഭിച്ചിട്ട് ആഴ്ചകളായി. കെ എസ് ആർ ടി സി ബസുകൾ ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങൾ സർവ്വീസ് നടത്തുന്ന ഈ റൂട്ടിൽ പൊടി ശല്യവും രൂക്ഷമാണ്.
. യാത്രക്കാർക്ക് എടത്വായിൽ നിന്നും ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിലെത്താനുള്ള ഏറ്റവും എളുപ്പ വഴികളിലൊന്നാണിത്. പാടത്ത് കൃഷിയില്ലാതെ കിടക്കുന്ന അവസരങ്ങളിൽ ചെരിയൊരു മഴ പെയ്താൽ പോലും ഈ പ്രദേശം മുട്ടറ്റം വെള്ളം നിറയുന്നത് പതിവായതോടെയാണ് റോഡ് ഉയർത്തി നിർമ്മിക്കാൻ പദ്ധതിയിട്ടത്. എന്നാൽ ടാറിംഗ് അനിശ്ചിതമായി നീളുകയാണ്.
പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമായതും നാട്ടുകാരുടെ പ്രയാസം ഇരട്ടിയാക്കുന്നു. എ.സി റോഡിന്റെ വശങ്ങളിലായി സ്ഥാപിച്ചിട്ടുള്ള പൈപ്പുകളിൽ നിന്നും സൈക്കിളുകളിലോ ടൂവിലറുകളിലോഎത്തിയാണ് പ്രദേശവാസികൾ വെള്ളം ശേഖരിച്ചിരുന്നത്. റോഡ് മുഴുവൻ മെറ്റലിട്ടു നിറച്ചതോടെ, വാഹനങ്ങളിൽ വെള്ളവുമായി പോകുമ്പോൾ ഏത് സമയത്തും അപകടത്തിൽപ്പെടാമെന്ന സ്ഥിതിയാണ്
പടം കുടിവെള്ളം സംഭരിക്കാനായി മെറ്റലിട്ട റോഡിലൂടെ സൈക്കിൾ തള്ളി കഷ്ടപ്പെടുന്ന 75 കാരനായ വയോവൃദ്ധൻ