ഭൂഗർഭ ജലവിഭവ വകുപ്പിനെ കബളിപ്പിക്കുന്നു
ആലപ്പുഴ: വരൾച്ച തുടങ്ങിയതോടെ ഭൂഗർഭ ജലവിഭവ വകുപ്പിന്റെ മാർഗ നിർദ്ദേശങ്ങൾ മറികടന്ന് ജില്ലയിൽ കുഴൽക്കിണർ സംഘങ്ങൾ സജീവമായി. കുഴൽക്കിണർ നിർമ്മാണത്തിന് വകുപ്പിൽ നിന്ന് ലഭിക്കുന്ന അനുമതിപത്രം ദുരുപയോഗം ചെയ്താണ് സ്വകാര്യ ഏജൻസികൾ പ്രവർത്തിക്കുന്നത്.
കുഴൽക്കിണർ സ്ഥാപിക്കാൻ ഭൂഗർഭ ജലവിഭവ വകുപ്പിന്റെ അനുമതി വേണം. നിശ്ചിത തുക ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കുകയാണ് ആദ്യപടി. ഏറെ വെള്ളം ലഭിക്കാനിടയുള്ള സ്ഥലം കണ്ടെത്താനും ഗുണനിലവാരം അളക്കാനുമായി ഹൈഡ്രോ ജിയോളജിസ്റ്റിനെ ഈ അപേക്ഷയുടെ അടിസ്ഥാനത്തിൽ വകുപ്പ് നിയോഗിക്കും. പരിശോധനാഫലം വിലയിരുത്തിയ ശേഷം കുഴൽക്കിണർ നിർമ്മിക്കാൻ അനുയോജ്യമായ സ്ഥലവും എത്ര ആഴത്തിൽ നിർമ്മിക്കണമെന്നതും ചൂണ്ടിക്കാട്ടി അപേക്ഷകന് കത്തയയ്ക്കും. വകുപ്പ് നേരിട്ട് കിണർ നിർമ്മിക്കാനാണ് ഇങ്ങനെ അനുമതിക്കത്ത് നൽകുന്നത്. ഇത് സ്വകാര്യ ഏജൻസികൾക്ക് കുഴൽക്കിണർ നിർമ്മാണം നടത്താനുള്ള അനുമതിയില്ല.
ഇവിടെയാണ് സ്വകാര്യ ഏജൻസികൾ തന്ത്രം പയറ്റുന്നത്. വകുപ്പിൽ നിന്ന് ലഭിച്ച കത്തുമായി സ്വകാര്യ ഏജൻസികളിലെ കരാറുകാർ ഉപഭോക്താവിനൊപ്പം അതത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെത്തും. വകുപ്പിന്റെ അനുമതി ലഭിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് തദ്ദേശ സ്ഥാപനത്തിൽ നിന്നുള്ള അനുമതി കൂടി തരപ്പെടുത്തുന്നതോടെ കിണർ നിർമ്മാണം തുടങ്ങും.
കുഴൽക്കിണറിനു വേണ്ടിയുള്ള അപേക്ഷകൾ ഏറെ ലഭിക്കുന്നുണ്ടെങ്കിലും അനുമതിക്കത്ത് അയച്ചുകഴിഞ്ഞാൽ പിന്നീട് ആരും എത്താത്തതിന്റെ കാരണം തിരക്കിയപ്പോഴാണ് തങ്ങളുടെ കത്ത് സ്വകാര്യ ഏജൻസികൾ ദുരുപയോഗം ചെയ്യുന്ന വിവരം ഭൂഗർഭ ജല വകുപ്പ് അറിഞ്ഞത്.
തുടർന്ന് വകുപ്പും മറുതന്ത്രം ഇറക്കി. 'ഭൂഗർഭ ജലവിഭവ വകുപ്പ് നേരിട്ട് കുഴൽക്കിണർ നിർമ്മിക്കുന്നതിനുള്ള അനുമതിപത്രം' എന്ന് പ്രത്യേകം രേഖപ്പെടുത്താൻ തുടങ്ങി. ഇതിലൂടെ വകുപ്പിന്റെ അനുമതിയില്ലാതെ നടക്കുന്ന കുഴൽക്കിണർ നിർമ്മാണം തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് തടയാൻ കഴിയും. എന്നാൽ പലപ്പോഴും 'കൈമടക്കി'ലൂടെ ഈ കടമ്പ ഏജൻസികൾ കടക്കാറുണ്ട്.
നേരേ നീങ്ങിയാൽ നീളും
നേരായ വഴിയിലൂടെ നീങ്ങിയാൽ അനന്തമായി കാത്തിരിക്കേണ്ടി വരുമെന്നതിനാലാണ് സ്വകാര്യ ഏജൻസികളെ ആശ്രയിക്കാൻ ആളുകൾ നിർബന്ധിതരാകുന്നത്. ഏജൻസികളാവട്ടെ കുഴിക്കുന്നതിനിടയിൽ ഏതെങ്കിലുമൊരു ഭാഗത്തുനിന്ന് ജലം ലഭിക്കുമെന്ന് ബോദ്ധ്യമായാൽ അവിടെ പണി നിറുത്തും. സമീപത്തെ കിണറുകളുടെയും മറ്റു കുടിവെള്ള സ്രോതസുകളുടെയും അടിത്തട്ടിന്റെ അതേ നിരപ്പിലാണ് ഈ കുഴൽക്കിണറിന്റെയും അടിത്തട്ടെങ്കിൽ അവയൊക്കെ വറ്റുന്നതിന് ഇടയാകും. യഥാർത്ഥത്തിൽ വേണ്ട ആഴം കുഴൽക്കിണറിനില്ലെങ്കിൽ ഭൂമിക്കടിയിലെ ജലശേഖരത്തെ ദോഷകരമായി ബാധിക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. നിർമ്മാണത്തിന് ഭൂഗർഭ ജലവകുപ്പ് ഈടാക്കിയിരുന്ന നിരക്ക് കൂട്ടിയതും സ്വകാര്യ ഏജൻസികൾക്ക് സഹായകരമായി.
അപേക്ഷകൾ കൂടുന്നു
ചൂട് കടുത്തതോടെ പ്രതിദിനം 10ൽ കൂടുതൽ അപേക്ഷകൾ ജലവിഭവ വകുപ്പിൽ ലഭിക്കുന്നുണ്ട്. കുട്ടനാട്ടിലെ തെക്കു കിഴക്കൻ മേഖലയിൽ മിനിമം 180 മീറ്റർ താഴ്ചയിൽ കിണർ സ്ഥാപിച്ചാൽ മാത്രമേ കുടിവെള്ളം ലഭിക്കൂ. തീരമേഖലയിൽ 9 മുതൽ 20 മീറ്റർ വരെ താഴ്ചയിൽ കിണർ സ്ഥാപിച്ചാൽ മാത്രമേ ഉപയോഗ യോഗ്യമായ വെള്ളം കിട്ടുകയുള്ളു.
.............................................
# നിരക്ക് ഇങ്ങനെ
ആറ് ഇഞ്ച് വരെ വ്യാസത്തിൽ ഒരു മീറ്റർ കുഴിക്കാൻ 2305 രൂപ
പഴയ നിരക്ക് 2150 രൂപ
പൈപ്പിന്റെ വില പ്രത്യേകം നൽകണം
എട്ട് ഇഞ്ചിൽ കൂടുതലായാൽ മീറ്ററിന് 2895 രൂപ
............................
'പഞ്ചായത്തിന്റെ അനുമതി ലഭിച്ച ശേഷം നിരക്ക് അടയ്ക്കുന്നതിന്റെ മുൻഗണനാ ക്രമത്തിലാണ് കുഴൽക്കിണറുകൾ നിർമ്മിക്കുന്നത്. പുതുക്കിയ നിരക്ക് പ്രകാരം മീറ്ററിന് 255 രൂപ അടയ്ക്കണം. പൈപ്പും അനുബന്ധ സാമഗ്രികൾ സ്വന്തമായി വാങ്ങണം
(ഉദയൻ, അസി.എക്സിക്യുട്ടിവ് എൻജിനീയർ, ഭൂഗർഭ ജല വകുപ്പ്, ആലപ്പുഴ)