ആലപ്പുഴ: വർഗീയതയെയും വംശീയതയെയും എതിർക്കുന്ന ബദൽ വിദ്യാഭ്യാസ മാതൃകയാണ് സംസ്ഥാനത്തുള്ളതെന്ന് മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഈ മതനിരപേക്ഷ, ജനാധിപത്യ വിദ്യാഭ്യാസരീതി ലോകത്തുതന്നെ ഇവിടെ മാത്രമാണിപ്പോഴുള്ളത്.
ഭരണഘടനയെ പോലും മറികടന്ന് വർഗീയത അടിസ്ഥാനമാക്കിയുള്ള വിഭജനത്തിനാണ് മൂലധനശക്തികൾ ശ്രമിക്കുന്നത്. നാളത്തെ തൊഴിൽ സാധ്യതകൾ വൈജ്ഞാനിക മണ്ഡലത്തിലാണെന്ന് അവർക്കറിയാം. അതിൽ ഇടപെടാനാണ് വർഗീയ തന്ത്രങ്ങളിലൂടെ അവർ ശ്രമിക്കുന്നത്. ഇന്ത്യയ്ക്കുള്ളത് സാമ്പത്തിക ശേഷിയല്ല; സംസ്‌കാരിക ശേഷിയാണ്. ഇതു ശക്തിപ്പെടുത്തുന്ന വിദ്യാഭ്യാസമാണ് വേണ്ടത്. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ പോരാടുന്നതോടൊപ്പം കേരളത്തിലെ ജനകീയ വിദ്യാഭ്യാസ മാതൃക സംരക്ഷിക്കേണ്ടതും അദ്ധ്യാപകരുടെ കടമയാണെന്ന് മന്ത്രി പറഞ്ഞു. സമ്മേളനത്തിൽ ബി.സുരേഷ് അദ്ധ്യക്ഷത വഹിച്ചു.