 35 കോടിയുടെ നവീകരണ പദ്ധതി ഇഴയുന്നു

ആലപ്പുഴ: നവീകരണം ആരംഭിച്ച് ഒന്നര വർഷമായിട്ടും നഗരത്തിലെ കനാലുകളുടെ മുഖം മിനുങ്ങുന്നില്ല. ചെളി പൂർണ്ണമായും നീക്കി, സംരക്ഷണഭിത്തി കെട്ടി നീരൊഴുക്ക് ശക്തമാക്കിക്കൊണ്ടുള്ള സൗന്ദര്യവത്കരണ പദ്ധതിയാണ് 35 കോടി ചെലവ് കണക്കാക്കി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. കോമേഴ്സ്യൽ കനാലിന്റെ നവീകരണ ജോലികൾ 85 ശതമാനം വരെ പൂർത്തിയായി. കഴിഞ്ഞ പ്രളയത്തിന് മുമ്പ് വാടക്കനാലിൽ മട്ടാഞ്ചേരി പാലം വരെയുള്ള ഭാഗം നവീകരിച്ചെങ്കിലും തുടർന്നുള്ള ഭാഗത്തെ പ്രവർത്തനങ്ങൾ തുടങ്ങിയില്ല. ആലപ്പുഴ ചേർത്തല കനാലിന്റെയും അമ്പലപ്പുഴ കനാലിന്റെയും ഭാഗങ്ങളിൽ നവീകരണം നടക്കുന്നുണ്ട്. അടുത്ത മേയ് മാസത്തോടെ ചെളിനീക്കൽ പൂർത്തീകരിക്കുകയാണ് ലക്ഷ്യം.

കായൽ സൗന്ദര്യം ആസ്വദിക്കാൻ എത്തുന്നവർക്ക് പെഡൽ ബോട്ടിൽ കനാലിലൂടെ സഞ്ചരിച്ച് കടൽ തീരം വരെ എത്താനും പൈതൃക മ്യൂസിയങ്ങളിൽ വിശ്രമിക്കാനും കഴിയുന്ന തരത്തിലാണ് പദ്ധതിക്ക് രൂപം നൽകിയത്. ഇതിനായി കായൽകരയിൽ ആറ് പൈതൃക മ്യൂസിയങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. കനാൽ നവീകരണ പ്രവർത്തനങ്ങൾ സമയബന്ധിതമല്ലാത്തതാണ് പ്രശ്നങ്ങൾക്കു കാരണം. ഒരു കനാലിന്റെ നവീകരണം പൂർത്തീകരിച്ച് അടുത്തതിലേക്ക് കടക്കുമ്പോഴേക്കും നവീകരിച്ച ഭാഗത്ത് പോളയും മറ്റും നിറഞ്ഞു കവിയും. നഗരസഭയിലെ 57 ചെറുകനാലുകളുടെ നവീകരണം, കൽകെട്ട്, ആലപ്പുഴ-ചേർത്തല കനാലിൽ പുതിയ 8 പാലങ്ങൾ, നഗരത്തിലൂടെ ഒഴുകുന്ന കാപ്പിത്തോടിന്റെ നവീകരണം എന്നിവയ്ക്കായി രണ്ടാം ഘട്ടത്തിൽ 42 കോടിയുടെ പദ്ധതി കിഫ്ബിക്ക് സമർപ്പിച്ചിട്ടുണ്ട്.

 നവീകരിക്കുന്ന കനാലുകൾ

വാടക്കനാൽ, കൊമേഴ്സ്യൽ കനാൽ, ആലപ്പുഴ-ചേർത്തല കനാലിൽ കലവൂർ വരെയുള്ള ഭാഗം, ആലപ്പുഴ-അമ്പലപ്പുഴ കനാലിൽ നഗരസഭ അതിർത്തി വരെയുള്ള ഭാഗം, കൊട്ടാരം തോട്

 ചെളി കർഷകർക്ക്

ആഴം വർദ്ധിപ്പിക്കുന്ന ഭാഗത്തു നിന്ന് നീക്കുന്ന ചെളി കോമളപുരം സ്പിന്നിംഗ് മില്ലിനു സമീപത്തെ താഴ്ന്ന സ്ഥലത്താണ് നിക്ഷേപിക്കുന്നത്. കർഷകർക്ക് ആവശ്യമെങ്കിൽ ബണ്ട് നിർമ്മാണത്തിനായി ചെളിയും മണലും സൗജന്യമായി നൽകും. ഗതാഗത തടസം ഇല്ലാതാക്കാൻ രാത്രിയിലാണ് ഇപ്പോൾ ചെളി നീക്കുന്നത്.