p-parameswaran

ആലപ്പുഴ/തിരുവനന്തപുരം: ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറും സംഘപരിവാർ പ്രസ്ഥാനങ്ങളുടെ സർവസ്വവുമായിരുന്ന പി. പരമേശ്വരന്റെ ഭൗതികശരീരം പ്രാർത്ഥനാപൂർവം നിന്ന ജനസഞ്ചയത്തിന്റെ സാന്നിദ്ധ്യത്തിൽ സമ്പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.

മുഹമ്മ താമരശേരി ഇല്ലത്തിന്റെ തെക്ക്പുറത്ത് തയ്യാറാക്കിയ ചിതയിൽ ജ്യേഷ്ഠന്റെ മകന്റെ മകൻ പ്രതീഷാണ് അഗ്നിപകർന്നത്. പ്രധാനമന്ത്രിക്ക് വേണ്ടി മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ റീത്ത് സമർപ്പിച്ചു.

പ്രത്യേകം തയ്യാറാക്കിയ ആംബുലൻസിൽ തിരുവനന്തപുരത്ത് നിന്ന് ദേശീയപാത വഴി കലവൂരിലെത്തിച്ച ശേഷമാണ് ജന്മനാടായ മുഹമ്മയിലേക്ക് ഭൗതികദേഹം കൊണ്ടുവന്നത്. നിരവധി വാഹനങ്ങളിൽ ആർ.എസ്.എസിന്റെയും ബി.ജ.പിയുടെയും പ്രമുഖ നേതാക്കൾ അകമ്പടിയായി നീങ്ങി. 2.40ന് ആംബുലൻസ് വീട്ടുപടിക്കലെത്തി. മണിക്കൂറുകൾക്ക് മുമ്പു തന്നെ താമരശ്ശേരി ഇല്ലത്തെ വിശാലമായ പറമ്പും പരിസരവും വാഹനങ്ങൾ കൊണ്ടും ജനങ്ങളെക്കൊണ്ടും നിറഞ്ഞു കവിഞ്ഞു. അന്ത്യോപചാരമർപ്പിക്കാൻ ഒരു മണിക്കൂറോളം സൗകര്യമൊരുക്കി. തുടർന്ന് ആചാരപരമായ ചടങ്ങുകൾ പൂർത്തിയാക്കിയാണ് മൃതദേഹം ചിതയിലേക്ക് എടുത്തത്.

ഇന്നലെ രാവിലെ ദൈവദശകം ചൊല്ലിയാണ് തലസ്ഥാനം പി. പരമേശ്വരന് വിട നൽകിയത്. രാവിലെ ഏഴോടെ ഭാരതീയ വിചാര കേന്ദ്രത്തിൽ നിന്ന് നൂറ് കണക്കിന് പ്രവർത്തകരുടെ ഹരേ രാമ മന്ത്രോച്ചാരണത്തോടെ വിലാപയാത്രയായി അയ്യങ്കാളി ഹാളിൽ എത്തിച്ച ഭൗതികദേഹം ഒരു നോക്കു കാണാൻ നൂറുകണക്കിന് പേർ എത്തി. പുലർച്ചെ മുതൽ കാത്തു നിന്നാണ് സംഘപരിവാർ പ്രവർത്തകർ അന്ത്യാമോപചാരം അർപ്പിച്ചത്. തുടർന്ന് രാഷ്ട്രീയ സാമൂഹിക രംഗത്തെ നിരവധി പേർ എത്തി.

ഭാരതീയ വിചാരകേന്ദ്രത്തിൽ രാവിലെ ആർ.എസ്.എസ് സർകാര്യവാഹ് (ദേശീയ ജനറൽ സെക്രട്ടറി ) ഭയ്യാജി ജോഷി ആദരാ‌ഞ്ജലി അർപ്പിച്ച ശേഷം ഏഴോടെയാണ് ഭൗതികശരീരം അയ്യങ്കാളി ഹാളിൽ എത്തിച്ചത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി ഡി.വി. സദാനന്ദ ഗൗഡ, മിസോറം ഗവർണർ പി.എസ്. ശ്രീധരൻപിള്ള, ശിവഗരി ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാന്ദ, മന്ത്രിമാർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങി പ്രമുഖർ ആദരാഞ്ജലിയർപ്പിച്ചു.

പത്തരയോടെ ഭൗതിക ശരീരം മുഹമ്മയിലേക്ക് കൊണ്ട് പോകാനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചു.

ആംബുലൻസിലേക്ക് മാറ്റുന്നതിനു മുമ്പ് എല്ലാപേരും ഒന്നുകൂടി ഹരേരാമ മന്ത്രം ആലപിച്ചു.

തുടർന്ന് ദൈവദശകം ചൊല്ലിയ ശേഷം ആംബുലൻസിലേക്ക് മാറ്റി. കേന്ദ്രമന്ത്രി മുരളീധരൻ ഉൾപ്പെടെയുള്ളവർ അനുഗമിച്ചു.