അമ്പലപ്പുഴ: ദേശീയപാതയിൽ ഒറ്റപ്പന ക്ഷേത്രത്തിനു മുന്നിൽ വച്ച് നിയന്ത്രണം തെറ്റിയ കാർ കടയിലേക്ക് ഇടിച്ചുകയറി, ക്ഷേത്രോത്സവത്തിന് മൈക്ക് സെറ്റുമായെത്തിയ യുവാവിന് ദാരുണാന്ത്യം. എസ്.എ.കെ സൗണ്ട്സ് ജീവനക്കാരൻ, വൈക്കം കണിച്ചേരിയിൽ ജിമ്മിയുടെ മകൻ പ്രവീൺ (24) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അരൂർ സ്വദേശി ഷർബിനെ (20) ഗുരുതര പരിക്കുകളോടെയും മറ്റ് നാലുപേരെ പരിക്കുകളോടെയും ആലപ്പുഴ മെഡി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് 4ന് ആയിരുന്നു അപകടം. ക്ഷേത്രത്തിനു മുൻവശത്ത് പാർക്കു ചെയ്തിരുന്ന പെട്ടി ആട്ടോയിലും രണ്ടു ബൈക്കുകളിലും ഇടിച്ച കാർ കടയുടെ മുന്നിൽ നിന്നവരേയും ഇടിക്കുകയായിരുന്നു. എറണാകുളത്തു നിന്നു മൈക്ക് സെറ്റ് ക്ഷേത്രത്തിൽ എത്തിച്ച ശേഷം വെള്ളം കുടിക്കാൻ കടയിലെത്തിയതായിരുന്നു പ്രവീണും ഷർബിനും.
പരിസരത്തുണ്ടായിരുന്ന ഒറ്റപ്പന മുള്ളുപറമ്പ് രാമചന്ദ്രന്റെ മകൻ ദിൽജിത്ത് (20), ഒറ്റപ്പന കിഴക്കേമുള്ളു പറമ്പിൽ ശിവദാസിന്റെ ഭാര്യ കമലമ്മ (65), പല്ലന ദേഹാലയത്തിൽ രാജപ്പന്റെ മകൻ രഞ്ജിത്ത് (36), തോട്ടപ്പള്ളി കുന്നത്തു പറമ്പിൽ ഗണേശന്റെ മകൻ ആനന്ദൻ (25) എന്നിവരെയാണ് ഷർബിനൊപ്പം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ക്ഷേത്രത്തിനു മുൻ വശമുണ്ടായിരുന്ന വളക്കട, ജനറേറ്റർ എന്നിവയും തകർന്നു. ഹൈവേ പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.