hg

ഹരിപ്പാട് : കുടിവെള്ളക്ഷാമംത്തിന് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് വാട്ടർ ടാങ്കിനു മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി രണ്ടര മണിക്കൂറോളം കള്ളിക്കാടിനെ ആശങ്കയിലാക്കി. ഒടുവിൽ വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരും അതഹസിൽദാരുമെത്തി യുവാവിനെ അനുനനയിപ്പിച്ച് താഴെ ഇറക്കുകയായിരുന്നു.

ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് കള്ളിക്കാട് വെട്ടത്തു കടവിന് സമീപമുള്ള 60 വർഷത്തിലധികം പഴക്കമുള്ള 150 അടിയോളം ഉയരമുള്ള വാട്ടർ ടാങ്കിന്റെ മുകളിൽ കയറിയാണ് ആറാട്ടുപുഴ ചാണാഞ്ചേരി പുതുവലിൽ വൈ.അനീഷ് ആത്മഹത്യാഭീഷണി മുഴക്കിയത്.കഴിഞ്ഞ 20 വർഷത്തോളമായി ഉപയോഗ രഹിതമായി കിടക്കുകയാണ് ഈ വാട്ടർ ടാങ്ക്. കുടിവെള്ളത്തിന് വേണ്ടിയുള്ള പ്രതിഷേധമാണെന്നറിഞ്ഞതോടെ നിരവധി ആളുകൾ ഇവിടെ തടിച്ചുകൂടി.

സമീപ വീട്ടിലെ കുഴിയിൽ നിന്നും കുടിവെള്ളം ശേഖരിക്കാൻ പോകുന്നതിനിടെ മറിഞ്ഞു വീണ് അനീഷിന്റെ ഭാര്യ ജിജിയുടെ കാൽ കഴിഞ്ഞ ദിവസം ഒടിഞ്ഞിരുന്നു. ഭാര്യയെ ശുശ്രൂഷിക്കുന്നതിനൊപ്പം വളരെ ദൂരെ പോയി കുടിവെള്ളം കൊണ്ടുവരണമെന്നത് അനീഷിനെ മാനസികമായി തളർത്തി. കുടിവെള്ളത്തിനായി അലഞ്ഞ് സഹികെട്ടാണ് ആത്മഹത്യക്കിറക്കിയതെന്ന് അനീഷ് പറഞ്ഞു. ഇന്നലെ രാവിലെ 9.30 ഓടെയാണ് അനീഷ് വാട്ടർ ടാങ്കിനു മുകളിൽ കയറിയത്. താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കിയ അനീഷിനെ നാട്ടുകാർ സമാധാനിപ്പിച്ചു നിറുത്തി. ഇതിനിടെ വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരും, തഹസിൽദാരും എത്തി. ഒരാഴ്ചയ്ക്കകം കുടിവെള്ള ക്ഷാമം പരിഹരിക്കാമെന്ന് വാട്ടർ അതോറിറ്റി അസി.എക്‌സി.എൻജിനീയർ ജയപ്രകാശ്, ഓവർസിയർ നാസർ എന്നിവർ ഉറപ്പുനൽകിയതിനെത്തുടർന്ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് അനീഷ് ടാങ്കിനു മുകളിൽ നിന്ന് താഴെ ഇറങ്ങിയത്. എ.കെ.ജി നഗറിലെ പമ്പ് ഉടൻ പ്രവർത്തനക്ഷമമാക്കും, ആശുപത്രിയിൽ പവർ കൂടിയ മോട്ടോർ സ്ഥാപിക്കും, കാലപ്പഴക്കം ചെന്ന വാട്ടർ ടാങ്ക് പൊളിച്ചു കളയുന്നതിന്അടിയന്തര നടപടികൾ സ്വീകരിക്കും എന്നിവയാണ് തീരുമാനം. ചർച്ചയിൽ പഞ്ചായത്ത് അംഗങ്ങളായ സുനു ഉദയലാൽ, ഷഹീൻ, മുൻ പഞ്ചായത്ത് അംഗം കെ.രാജീവൻ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ആനന്ദൻ എന്നിവരും പങ്കെടുത്തു.

 കള്ളിക്കാട്ട് കുടിവെള്ളം കിട്ടിക്കനി

കള്ളിക്കാട് പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായിട്ട് മാസങ്ങൾ കഴിഞ്ഞു. വാട്ടർ അതോറിട്ടിയിൽ പരാതിയുമായി ചെല്ലുന്നവരെ ആക്ഷേപിക്കുന്ന തരത്തിലുള്ള പ്രതികരണമാണ് ഉണ്ടാകുന്നെന്ന് നാട്ടുകാർ ആരോപിക്കുന്നു. 60 വർഷത്തിലധികം പഴക്കമുള്ള വാട്ടർ ടാങ്ക് ഉപയോഗരഹിതമായതിനാൽ ബോർവെൽ സ്ഥാപിച്ചു പൈപ്പ് ലൈനിലേക്ക് വെള്ളം പമ്പ് ചെയ്താണ് കുടിവെള്ള വിതരണം നടത്തുന്നത്. ഈ പ്രദേശത്ത് തന്നെ മൂന്ന് ബോർവെല്ലുകളിലെ മോട്ടോർ കേടായി കിടക്കുകയാണ്. ജനങ്ങൾ അത്യാവശ്യ ഘടങ്ങളിൽ ആശ്രയിച്ചിരുന്ന സർക്കാർ ആശുപത്രിയിലെ മോട്ടോറും തകരാറിലാണ്. എ.കെ.ജി ജംഗ്ഷനിലെ വാട്ടർടാങ്കും പ്രവർത്തനക്ഷമമല്ല. ഇവിടെ പുതിയ ബോർവെൽ സ്ഥാപിച്ചിട്ട് 3 വർഷം കഴിഞ്ഞെങ്കിലും പ്രവർത്തനം ആരംഭിച്ചിട്ടില്ല. ലൈൻ വലിക്കുന്നതിന് ആറ് ലക്ഷം രൂപയോളം പഞ്ചായത്തിൽ നിന്നും അടച്ചിട്ട് ആറ് മാസം കഴിഞ്ഞിട്ടും വാട്ടർ അതോറിട്ടി യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.