 ശിലാസ്ഥാപനം 13ന്

ഹരിപ്പാട്: ലയൺസ് ക്ളബ്സ് ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ കേരള റീബിൽഡിംഗ് ഹോംസ്-2018 പദ്ധതി പ്രകാരം 117 വീടുകൾ നിർമ്മിച്ച് നൽകുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 2018ലുണ്ടായ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്കാണ് വീടുകൾ നിർമ്മിച്ച് നൽകുക. തിരുവനന്തപുരം മുതൽ ഹരിപ്പാട് വരെയുള്ള പ്രദേശം ഉൾക്കൊള്ളുന്ന ലയൺസ് ക്ളബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 എ യുടെ പരിധിയിൽ പത്ത് വീടുകളാണ് അനുവദിച്ചിട്ടുള്ളത്. പ്രളയബാധിത പ്രദേശം എന്ന പരിഗണനയിൽ ഹരിപ്പാട്, പള്ളിപ്പാട്, ചെറുതന, കരുവാറ്റ, കുമാരപുരം എന്നിവിടങ്ങിലുള്ള പത്ത് നിർദ്ധനരെയാണ് വീട് നൽകാനായി തിരഞ്ഞെടുത്തത്. എൽ.സി.ഐ.എഫ് ഫണ്ടിൽ നിന്ന് 4.5 ലക്ഷം രൂപ ചിലവഴിച്ച് 405 സ്ക്വയർ ഫീറ്റിലാണ് ഓരോ വീടും നിർമ്മിക്കുന്നത്. പത്ത് വീടുകളുടെയും ശിലാസ്ഥാപനം ഒരേ ദിവസം നടത്തി 90 ദിവസങ്ങൾ കൊണ്ട് നിർമ്മാണം പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.

വീടുകളുടെ ശിലാസ്ഥാപനം 13ന് രാവിലെ 9ന് പള്ളിപ്പാട് പുല്ലമ്പടയിൽ ലയൺസ് ക്ളബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 എ ഗവർണ്ണർ എ.ജി രാജേന്ദ്രൻ നിർവ്വഹിക്കും. ചടങ്ങിൽ മുൻ മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്സൺ കെ.സുരേഷ്, മുൻ ഗവർണർമാരായ ‌ഡോ.എൻ.രമേശ്, അലക്സ് കുര്യാക്കോസ്, ജോൺ.ജി.കൊട്ടറ, വൈസ് ഗവർണർമാരായ പരമേശ്വരൻകുട്ടി, ഗോപകുമാർ മേനോൻ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു കൊല്ലശ്ശേരി, ജില്ലാ പഞ്ചായത്ത് അംഗം ജോൺ തോമസ്, മുനിസിപ്പൽ ചെയർപേഴ്സൺ വിജയമ്മ പുന്നൂർമഠം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ രാജേന്ദ്രകുറുപ്പ്, സുജാത, രത്നകുമാരി തുടങ്ങിയവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ ബിൾഡിംഗ് കമ്മറ്റി ചെയർമാൻ പി.ചന്ദ്രമോഹൻ, കോ-ഓർഡിനേറ്റർ ആർ.ഹരീഷ് ബാബു, ഹരിപ്പാട് ക്ളബ് പ്രസിഡന്റ് സി.സുഭാഷ്, സെക്രട്ടറി അഡ്വ.സജി തമ്പാൻ, ട്രഷറർ എസ്.ശാന്തികുമാർ, റീജിയൺ ചെയർപേഴ്സൺ ശശീന്ദ്രൻ, സോൺ ചെയർപേഴ്സൺ റജി ജോൺ എന്നിവർ പങ്കെടുത്തു.