 ഒന്നാം പ്രതി ഇപ്പോഴും വിദേശത്ത്

മാവേലിക്കര: ഡി.വൈ.എഫ്.ഐ മേഖല ജോയിന്റ് സെക്രട്ടറിയായിരുന്ന കരുവാറ്റ വടക്ക് വിഷ്ണു ഭവനത്തിൽ ജിഷ്ണുവിനെ (21) കൊലപ്പെടുത്തിയ കേസിലെ പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ശിക്ഷ ഇന്ന് വിധിക്കും. സംഭവം നടന്ന് മൂന്നു വർഷം പൂർത്തിയായത് ഇന്നലെയായിരുന്നു.

2 മുതൽ 7 വരെ പ്രതികളായ മൂന്നുമനയ്ക്കൽ അരുൺ (അമ്പിളി -28), ആലക്കാട്ടുശേരിൽ അരുൺ (അരുൺ ചന്ദ് -33), പരുത്തിക്കാട് വാലുപറമ്പിൽ സനു (34), കാവുംതറയിൽ പ്രദീപ് (27), ഹസ്കാപുരം രവി ഭവനത്തിൽ രാഹുൽ (28), അഖിൽ അശോക് (സ്വർണ്ണപ്പൻ -32) എന്നിവർക്കും, ജിഷ്ണുവിന്റെ സുഹൃത്ത് സുരാജിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ജലിയിൽ മനുവിനുമുള്ള (കഞ്ചപ്പൻ-29) ശിക്ഷയാണ് അഡി. ജില്ലാ കോടതി ഒന്ന് ജഡ്ജി ജോബിൻ സെബാസ്റ്റ്യൻ ഇന്ന് വിധിക്കുന്നത്. കരുവാറ്റ സ്വദേശികളാണ് എല്ലാവരും. കൊലപാതക ദിവസംതന്നെ വിദേശത്തേക്ക് കടന്ന ഒന്നാം പ്രതി സുധീഷിനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.

സുരാജിനെ ആക്രമിച്ച കേസിൽ പ്രതിചേർക്കപ്പെട്ട, കരുവാറ്റ വടക്ക് മുറിപ്പാലയിൽ വീട്ടിൽ പ്രഭാത് സക്കറിയ (28), വടക്കേപ്പറമ്പിൽ ജയജിത്ത് (27), തോട്ടപ്പള്ളി വേലിയത്ത് കിഴക്കതിൽ വിഷ്ണുലാൽ (26), പല്ലന വരദാലയത്തിൽ വൈശാഖ് (32) എന്നിവരെയും ഗൂഢാലോചനയിൽ പ്രതി ചേർക്കപ്പെട്ട കരുവാറ്റ വടക്ക് അശോകത്തിൽ അഖിൽ അശോക് (26), പടിഞ്ഞാററ്റം വീട്ടിൽ ഗോകുൽ (23), കൈച്ചിറയിൽ സജീർ (37), പുത്തൻവീട്ടിൽ മനു (28), വെട്ടത്തേരിൽ ശ്രീജിത്ത് (33) എന്നിവരെയും കോടതി വെറുതെ വിട്ടു.

2017 ഫെബ്രുവരി 10 നാണ് കൊലപാതകം നടന്നത് ഹരിപ്പാട് ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കാവടി ഉത്സവത്തിൽ പങ്കെടുത്ത ശേഷം ബൈക്കുകളിൽ മടങ്ങിയ ജിഷ്ണുവിനെയും ജ്യേഷ്ഠൻ വിഷ്ണുവിനെയും ഇവരുടെ സുഹൃത്ത് സുരാജിനെയും ഊട്ടുപറമ്പ് റെയിൽവേ ക്രോസിൽ വെച്ചാണ് ആക്രമിച്ചത്. അക്രമികളിൽ നിന്നു രക്ഷപ്പെടാൻ അര കിലോമീറ്ററിലേറെ ഓടിയ ജിഷ്ണു ഒരു വീട്ടിൽ അഭയം പ്രാപിച്ചു. ഇവിടെ അതിക്രമിച്ചു കയറിയ അക്രമികൾ മാരകായുധങ്ങളുമായി ജിഷ്ണുവിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്. ആലപ്പുഴ മെഡി. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ജിഷ്ണു മരിച്ചത്.

പ്രോസിക്യൂഷൻ ഭാഗത്തു നിന്നു 98 സാക്ഷികളെ വിസ്തരിച്ച കേസിൽ, 71 തൊണ്ടി മുതലുകളും 215 രേഖകളും പ്രോസിക്യൂഷൻ ഹാജരാക്കി. വിസ്താര വേളയിൽ സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് പ്രതിഭാഗം അഭിഭാഷകനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജഡ്ജി ജോബിൻ സെബാസ്റ്റ്യൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകിയതിനെ തുടർന്നാണ് കേസെടുത്തത്. 17 പ്രതികളുള്ള കേസിൽ, പത്ര, ദൃശ്യ മാധ്യമ പ്രവർത്തകരെ അടക്കം വിസ്തരിച്ചിരുന്നു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ പി.സന്തോഷ്, എസ്.സോളമൻ, ഇ.നാസറുദ്ദീൻ, സരുൺ കെ.ഇടിക്കുള എന്നിവരാണ് ഹാജരായാത്.

 'കടപ്പാട്' തീർത്തു

കരുവാറ്റ സ്വദേശി ഉല്ലാസിന്റെ കൊലപാതകമാണ് ജിഷ്ണു വധത്തിന് വഴിയൊരുക്കിയത്. താമല്ലാക്കൽ ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്ന സന്ദീപ് (28) ആണ് ഉല്ലാസിനെ കുത്തിക്കൊന്നത്. കരുവാറ്റ തൈവീട് ജംഗ്ഷന് കിഴക്കു ഭാഗത്തുവച്ച് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും സംഘട്ടനത്തിനിടെ സന്ദീപ് തുരുതുരെ കുത്തുകയുമായിരുന്നു. ആദ്യം ആലപ്പുഴ മെഡി. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉല്ലാസിനെ പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മൂന്നു ദിവസത്തിനുള്ളിൽ മരണം സംഭവിച്ചു. ഉല്ലാസിന്റെ ആത്മസുഹൃത്തുക്കളാണ് മുഴുവൻ പ്രതികളും. ഉല്ലാസിനെ കുത്തിയ ശേഷം സന്ദീപ് ഹരിപ്പാട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു. സംഭവ ദിവസവും തലേന്നും സന്ദീപിനൊപ്പം ഉണ്ടായിരുന്ന ആളാണ് ജിഷ്ണു.