ജിഷ്ണുവിന്റെ ദേഹത്തുണ്ടായിരുന്നത് 32 വെട്ട്
മാവേലിക്കര: ഡി.വൈ.എഫ്.ഐ കരുവാറ്റ വടക്ക് മേഖല ജോയിന്റ് സെക്രട്ടറി, കരുവാറ്റ വടക്ക് വിഷ്ണു ഭവനിൽ പരേതനായ ഗോപാലകൃഷ്ണന്റെ മകൻ ജിഷ്ണു (പാപ്പാജി-24) കൊല്ലപ്പെട്ട സംഭവത്തിൽ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ നൽകിയ കോടതി ഗുണ്ടാ പ്രവർത്തനത്തിന് ശക്തമായ താക്കീതാണ് നൽകിയത്.
ക്വട്ടേഷൻ ആക്രമണങ്ങളും കൊലപാതകങ്ങളും സ്ഥിരം സംഭവങ്ങളായ ഹരിപ്പാട്ട് 2008ന് ശേഷം നടന്നിട്ടുള്ള ഒരു കൊലപാതകത്തിൽപ്പോലും പ്രതികൾക്ക് ശിക്ഷ ലഭിച്ചിരുന്നില്ല. കൊലപാതകം നേരിൽ കാണുന്നവർ പോലും സാക്ഷി പറയാൻ കോടതിയിൽ എത്താതിരിക്കുന്ന വിധത്തിലുള്ള ഇടപെടലുകളാണ് പല കേസുകളിലും ഉണ്ടാവുന്നത്. അതിനെയെല്ലാം അതിജീവിച്ച് സാക്ഷികളെ കോടതിയിൽ എത്തിക്കാൻ ജിഷ്ണു വധക്കേസിന്റെ അന്വേഷണത്തിന് നേതൃത്വം വഹിച്ച, അന്നത്തെ ഹരിപ്പാട് സി.ഐ ടി. മനോജിനും സംഘത്തിനും കഴിഞ്ഞു. അന്വേഷണ സംഘത്തിന്റെ നിശ്ചയ ദാർഢ്യത്തിനൊപ്പം പ്രോസിക്യൂഷനും നിലകൊണ്ടത് പ്രതികളുടെ ശിക്ഷയിലേക്ക് വഴിതെളിച്ചു.
പ്രതികൾ വേട്ടപ്പട്ടികളേപ്പോലെ പെരുമാറി: കോടതി
വേട്ടപ്പട്ടികളേപ്പോലെ ഓടിച്ച് കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമായി പരിഗണിക്കാവുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. ജനങ്ങളെ ഭയപ്പെടുത്തി, അവരുടെ മുന്നിലൂടെ അരകിലോമീറ്റർ ഓടിച്ചുകൊണ്ടുപോയി, പട്ടാപ്പകൽ നടത്തിയ കൊലപാതകം അപൂർവ്വങ്ങളിൽ അപൂർവ്വമായി കണക്കാക്കണമെന്ന പ്രോസിക്യൂഷൻ വാദത്തിന് മറുപടിയായാണ് കോടതി പ്രതികളെ വേട്ടപ്പട്ടികളോട് ഉപമിച്ചത്.
32 വെട്ടുകളാണ് ജിഷ്ണുവിന്റെ ശരീരത്തിലുണ്ടായിരുന്നത്. കൊല നടത്തിയ ശേഷം വാളിലെ ചോര നാട്ടുകാർ കാൺകെ തൂത്തുകളഞ്ഞുകൊണ്ടായിരുന്നു പ്രതികൾ മടങ്ങിയതെന്ന് അന്വേഷണ റിപ്പോർട്ടിൽ പൊലീസ് പറയുന്നു.
ഫ്ലാഷ് ബാക്ക്
2017 ഫെബ്രുവരി 10 നാണ് ജിഷ്ണു കൊല്ലപ്പെട്ടത്. ഹരിപ്പാട് ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കാവടി ഉത്സവത്തിൽ പങ്കെടുത്ത ശേഷം ബൈക്കുകളിൽ മടങ്ങിയ ജിഷ്ണുവിനെയും ജ്യേഷ്ഠൻ വിഷ്ണുവിനെയും ഇവരുടെ സുഹൃത്ത് സുരാജിനെയും ഊട്ടുപറമ്പ് റെയിൽവേ ക്രോസിൽ വെച്ചാണ് ആക്രമിച്ചത്. അക്രമികളിൽ നിന്നു രക്ഷപ്പെടാൻ അര കിലോമീറ്ററിലേറെ ഓടിയ ജിഷ്ണു സമീപത്തെ ഒരു സൈനികന്റെ വീട്ടിൽ അഭയം പ്രാപിച്ചു. ഇവിടെ അതിക്രമിച്ചു കയറിയ അക്രമികൾ മാരകായുധങ്ങളുമായി വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ജിഷ്ണു മരിച്ചത്.
കൊന്ന ആളെ കിട്ടിയില്ല,
കിട്ടിയ ആളെ കൊന്നു
യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്ന കരുവാറ്റ കന്നുകാലിപ്പാലം സ്വദേശി ഉല്ലാസിന്റെ കൊലപാതകമാണ് ജിഷ്ണു വധത്തിന് വഴിയൊരുക്കിയത്. താമല്ലാക്കൽ ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്ന സന്ദീപ് (28) ആണ് ഉല്ലാസിനെ കുത്തിക്കൊന്നത്. ഉല്ലാസിനെ കുത്തിയ ശേഷം സന്ദീപ് ഹരിപ്പാട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയതിനാൽ ഉല്ലാസിന്റെ ആത്മസുഹൃത്തുക്കൾ, സന്ദീപിന്റെ കൂട്ടുകാരനായ ജിഷ്ണുവിനെ കൊല്ലുകയായിരുന്നു. ഉല്ലാസ് കൊല്ലപ്പെട്ട ദിവസം രാത്രി ഊട്ടുപറമ്പിൽ പടക്കം പൊട്ടിച്ച് ആഹ്ലാദം പ്രകടിപ്പിച്ച യുവാക്കൾക്ക് നേതൃത്വം കൊടുത്ത ജിഷ്ണുവിനോടുള്ള വൈരാഗ്യവും കൊലപാതകത്തിന് കാരണമായി. കേസിലെ ഒന്നാം പ്രതിയും ഉല്ലാസിന്റെ ബന്ധുവുമായ സുധീഷ്, ജിഷ്ണു കൊല്ലപ്പെട്ട ദിവസംതന്നെ വിദേശത്തേക്ക് കടന്നിരുന്നു. സംഭവദിവസം, പ്രതികളിൽ രണ്ടുപേർ ഉല്ലാസിന്റെ പട്ടടയിലെത്തി ഒരുപിടി മണ്ണുവാരി ശപഥം ചെയ്ത ശേഷമാണ് ജിഷ്ണുവിനെ കൊല്ലാനായി പുറപ്പെട്ടത്. കാവടിക്ക് മാലയിട്ടിരുന്ന ജിഷ്ണുവിനോട്, കാവടിയാട്ടത്തിനു ശേഷം കാണാമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസിന്റെ അന്വേഷണ റിപ്പോർട്ടിലുണ്ട്.
കൂറുമാറി സാക്ഷികൾ
സാക്ഷികളുടെ കൂറുമാറ്റം പ്രോസിക്യൂഷൻ ഭാഗത്തെ വല്ലാതെ വലച്ചിരുന്നു. 150 സാക്ഷികളാണ് കേസിൽ ഉണ്ടായിരുന്നത്. 98 പേരെയാണ് വിസ്തരിച്ചത്. 71 തൊണ്ടി മുതലുകളും 215 രേഖകളും പ്രോസിക്യൂഷൻ ഹാജരാക്കി. വിസ്താര വേളയിൽ സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് പ്രതിഭാഗം അഭിഭാഷകനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. 17 പ്രതികളുണ്ടായിരുന്ന കേസിൽ പത്ര, ദൃശ്യ മാദ്ധ്യമ പ്രവർത്തകരെ അടക്കം വിസ്തരിച്ചു.
# നാൾവഴി
2017 ഫെബ്രുവരി 10ന് രാവിലെ 11.50: കരുവാറ്റ ഊട്ടുപറമ്പ് റെയിൽവേ ക്രോസിന് സമീപം ജിഷ്ണു കൊല്ലപ്പെട്ടു
2017 ഫെബ്രുവരി 12: കരുവാറ്റ വടക്ക് മൂന്നു മനക്കൽ അരുൺ (അമ്പിളി-23), ആലക്കാട്ടുശ്ശേരിൽ അരുൺ ചന്ദ്രൻ (30), കാലാന്തറയിൽ പ്രദീപ് (25), ജാക്കി ഭവനത്തിൽ രാഹുൽ (25) എന്നിവർ പിടിയിൽ
ഫെബ്രുവരി 15: പ്രഭാത് സഖറിയ, അഖിൽ എന്നിവർ അറസ്റ്റിൽ
ഫെബ്രുവരി 18: മനു (28), ജയജിത്ത് (30) എന്നിവർ പിടിയിൽ
ഫെബ്രുവരി 21: പ്രതികൾക്ക് വഴി പറഞ്ഞുകൊടുത്തയാൾ പിടിയിൽ
ഫെബ്രുവരി 24: പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു
മാർച്ച് 17: വൈശാഖ് പിടിയിൽ
ഏപ്രിൽ 16: സജീർ, മനു, ശ്രീജിത്ത് എന്നിവർ പിടിയിൽ
മെയ് 9: സംഭവത്തിന്റെ 89-ാം ദിവസംഹരിപ്പാട് സി.ഐ ടി. മനോജ് കുറ്റപത്രം സമർപ്പിച്ചു
2018 നവംബർ: വിസ്താരം തുടങ്ങുന്നു
2020 ഫെബ്രുവരി 10: ഏഴു പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുന്നു
ഫെബ്രുവരി 11: ആറ് പ്രതികൾക്ക് ജീവപര്യന്തവും ഒരാൾക്ക് 7 വർഷം തടവും ശിക്ഷിക്കുന്നു
.....................................................