a

മാവേലിക്കര: ഡി.വൈ.എഫ്.ഐ മേഖല ജോയിന്റ് സെക്രട്ടറിയായിരുന്ന കരുവാറ്റ വടക്ക് വിഷ്ണു ഭവനത്തിൽ ജിഷ്ണുവിനെ (21) കൊലപ്പെടുത്തിയ കേസിലെ ആറ് പ്രതികൾക്കും ജീവപര്യന്തം തടവും 1,15,000 രൂപ വീതം പിഴയും വിധിച്ചു. അഡി. ജില്ലാ കോടതി ഒന്ന് ജഡ്ജി ജോബിൻ സെബാസ്റ്റ്യനാണ് ശിക്ഷ വിധിച്ചത്.

കരുവാറ്റ സ്വദേശികളായ, രണ്ടാം പ്രതി മൂന്നുമനയ്ക്കൽ അരുൺ (അമ്പിളി -28), മൂന്നാം പ്രതി ആലക്കാട്ടുശേരിൽ അരുൺ (അരുൺ ചന്ദ് -33), നാലാം പ്രതി പരുത്തിക്കാട് വാലുപറമ്പിൽ സനു (34), അഞ്ചാം പ്രതി കാവുംതറയിൽ പ്രദീപ് (27), ആറാം പ്രതി ഹസ്കാപുരം രവി ഭവനത്തിൽ രാഹുൽ (28), എട്ടാം പ്രതി അഖിൽ അശോക് (സ്വർണ്ണപ്പൻ -32) എന്നിവരെയാണ്‌ ശിക്ഷിച്ചത്. ജിഷ്ണുവിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് സുരാജിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഏഴാം പ്രതി കരുവാറ്റ അഞ്ജലിയിൽ മനുവിന് (കഞ്ചപ്പൻ-29) ഏഴു വർഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. കൊലപാതക ദിവസംതന്നെ വിദേശത്തേക്കു കടന്ന ഒന്നാം പ്രതി സുധീഷിനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.

ജിഷ്മുവിനെ കൊലപ്പെടുത്തിയ ആറ് പ്രതികൾക്ക് മൂന്ന് തടവ് ശിക്ഷകളാണ് നൽകിയിരിക്കുന്നത്. കൊലപാതക കുറ്റത്തിന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും, അന്യായമായ സംഘം ചേരൽ, മാരകായുധങ്ങൾ കൈവശം വയ്ക്കൽ എന്നീ കുറ്റങ്ങൾക്ക് ആറ് മാസം തടവും 5000 രൂപ വീതം പിഴയുമാണ് ശിക്ഷിച്ചത്. വീട്ടിൽ അതിക്രമിച്ചു കയറി സംഘർഷം ഉണ്ടാക്കിയതിന് 5 വർഷം തടവും 10,000 രൂപ വീതം പിഴയും ശിക്ഷിച്ചു. തടവുശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നും പിഴത്തുക ജിഷ്ണുവിന്റെ മാതാവ് ഗീതയ്ക്ക് നൽകണമെന്നും തുക അടച്ചില്ലെങ്കിൽ അധിക തടവ് അനുഭവിക്കേണ്ടി വരുമെന്നും വിധിന്യായത്തിൽ വ്യക്തമാക്കി. സുരാജിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായ മനു അടയ്ക്കുന്ന പിഴത്തുക സുരാജിന് നൽകണം. പബ്ലിക് പ്രോസിക്യൂട്ടർമാരായ പി.സന്തോഷ്, എസ്.സോളമൻ, ഇ.നാസറുദ്ദീൻ, സരുൺ കെ.ഇടിക്കുള എന്നിവരാണ് പ്രോസിക്യൂഷനുവേണ്ടി ഹാജരായത്.

സംഭവം ഇങ്ങനെ

2017 ഫെബ്രുവരി 10 നാണ് കൊലപാതകം നടന്നത്. ഹരിപ്പാട് ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കാവടി ഉത്സവത്തിൽ പങ്കെടുത്ത ശേഷം ബൈക്കുകളിൽ മടങ്ങിയ ജിഷ്ണുവിനെയും ജ്യേഷ്ഠൻ വിഷ്ണുവിനെയും ഇവരുടെ സുഹൃത്ത് സുരാജിനെയും ഊട്ടുപറമ്പ് റെയിൽവേ ക്രോസിൽ വച്ചാണ് ആക്രമിച്ചത്. അക്രമികളിൽ നിന്നു രക്ഷപ്പെടാൻ അര കിലോമീറ്ററിലേറെ ഓടിയ ജിഷ്ണു ഒരു വീട്ടിൽ അഭയംതേടി. ഇവിടെ അതിക്രമിച്ചു കയറിയ പ്രതികൾ മാരകായുധങ്ങളുമായി ജിഷ്ണുവിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ജിഷ്ണു മരിച്ചത്.