അമ്പലപ്പുഴ: മകൾക്കൊപ്പം ബൈക്കിൽ സഞ്ചരിക്കവേ, മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘം മുളകുപൊടി എറിഞ്ഞശേഷം നടത്തിയ ആക്രമണത്തിൽ വ്യാപാരിക്ക് പരിക്കേറ്റു. തകഴി പഞ്ചായത്ത് കുന്നുമ്മ മുപ്പതിൽ വീട്ടിൽ കുഞ്ഞുമോനെയാണ് (47) തിങ്കളാഴ്ച രാത്രി പത്തോടെ കുന്നുമ്മ ആക്കളം ക്ഷേത്രത്തിന് സമീപത്തുവച്ച് ആക്രമിച്ചത്.
കുന്നുമ്മ മാർക്കറ്റിന് സമീപം വ്യാപാരം നടത്തുന്ന ഇദ്ദേഹം കട അടച്ച് , 11 വയസുള്ള മകളുമായി ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ എത്തിയ സംഘം ഇരുവരുടെയും മുഖത്ത് മുളകുപൊടി വിതറുകയും ബിയർ കുപ്പി കൊണ്ട് കുഞ്ഞുമോന്റെ തലയ്ക്ക് അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. മകൾക്ക് പരിക്കില്ല. അമ്പലപ്പുഴ പൊലീസ് കേസെടുത്തു.