kseb
kseb

ഹരിപ്പാട്: കായംകുളം താപവൈദ്യുതി നിലയത്തിലെ സൗരോർജ്ജ പ്ലാന്റിൽ 92 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിച്ച് 2021 മേയ് മാസത്തോടെ കെ.എസ്.ഇ.ബിക്ക് നൽകുമെന്ന് എൻ.ടി.പി സി അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. യൂണിറ്റിന് 3.16 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. 25 വർഷത്തേക്ക് ഈ നിരക്കിൽ വൈദ്യുതി നൽകും.

നിലവിൽ നാഫ്ത ഇന്ധനമായ പ്ലാന്റാണ് കായംകുളം എൻ.ടി.പി.സി. ഇത് വഴി ഇപ്പോൾ ഉത്പാദനം ഇല്ല. നാഫ്ത ഉപയോഗിച്ചുണ്ടാക്കുന്ന വൈദ്യുതിക്ക് വില കൂടുതലായതിനാൽ കെ.എസ്.ഇ.ബി മുഖംതിരിച്ച് നിൽക്കുകയായിരുന്നു. ഇതോടെയാണ് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഫ്ളോട്ടിംഗ് സോളാർ പ്ലാന്റിൽ വൈദ്യുതി ഉത്പാദിപ്പിച്ച് നൽകാൻ എൻ.ടി.പി.സി തീരുമാനിച്ചത്.

ദ്രവീകൃത വാതകം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാൻ പദ്ധതിയില്ല. എൻ.ടി.പി.സിക്ക് മറ്റു സംസ്ഥാനങ്ങളിൽ ഇത്തരം പ്ലാന്റുകൾ ഉണ്ട്. അവിടങ്ങളിൽ സംസ്ഥാന സർക്കാരുകൾ ഗ്യാസ് എത്തിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. കായംകുളം പദ്ധതി പ്രദേശത്തേക്ക് കൊച്ചിയിൽ നിന്ന് ഗ്യാസ് എത്തിക്കാൻ 100 കിലോമീറ്റർ പൈപ്പ് ലൈൻ സ്ഥാപിക്കണം. ഇതിന് കേരള സർക്കാർ മുൻകൈയെടുക്കുന്നില്ലെന്ന് അധികൃതർ പറഞ്ഞു.

നിലയം ജനറൽ മാനേജർ ബി.വി.കൃഷ്ണൻ, എം.ബാലസുന്ദരം, വി.വി.കുര്യൻ, ഉത്തര ഏറാഡി, ബിജു ശാമുവേൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

 അടച്ചിട്ട് അഞ്ചുവർഷം

കെ.എസ്.ഇ.ബി വൈദ്യുതി ആവശ്യപ്പെടാത്തതിനാൽ അഞ്ച് വർഷമായി നിലയം അടച്ചിട്ടിരിക്കുകയാണ്. നാലു വർഷത്തിനിടെ 2016ൽ ഒരാഴ്ചയും, 2017 ൽ രണ്ട് ദിവസവും മാത്രമാണ് നിലയം പ്രവർത്തിച്ചത്. കഴിഞ്ഞവർഷം ഫെബ്രുവരി 2 ന് നിലയത്തിന്റെ പ്രവർത്തനക്ഷമത ഉറപ്പാക്കാൻ 4 മണിക്കൂർ പ്രവർത്തിപ്പിച്ചതാണ് ഒടുവിലത്തേത്. നീതി ആയോഗ് നിർദ്ദേശപ്രകാരം ഇന്ധനമായി മെഥനോൾ ഉപയോഗിക്കുന്നതിന്റെ ചെറിയ പരീക്ഷണം നടക്കുന്നുണ്ട്.

രണ്ട് സോളാർ പ്ലാന്റ്

70 മെഗാവാട്ടിന്റെയും 22 മെഗാവാട്ടിന്റെയും പ്ലാന്റുകൾ

70 മെഗാവാട്ടിന്റേത് ടാറ്റയും 22 മെഗാവാട്ടിന്റേത് ബി.എച്ച്.ഇ.എല്ലുംനിർമ്മിക്കും

മൊത്തെ ചിലവ് 493 കോടി

2020 അവസാനം നിർമ്മാണം പൂർത്തിയാക്കും

വൈദ്യുതി ഉത്പാദനം ഭാഗികമായി തുടങ്ങും.

2021 മേയിൽ പൂർണ്ണതോതിൽ വൈദ്യുതി ഉത്പാദിപ്പിച്ച് കെ.എസ്.ഇ.ബിക്ക് നൽകും.