ആലപ്പുഴ: തീരസുരക്ഷയ്ക്കും ദുരന്തനിവാരണ പ്രവർത്തനത്തിനുമായി​ വന്ന കോസ്റ്റൽ പൊലീസ് സ്റ്റേഷൻ. എന്നാൽ ഏതു പ്രളയം വന്നാലും കാര്യമൊന്നുമി​ല്ല. ആവശ്യമായ പരി​ശീലനവും വേണ്ടത്ര രക്ഷാ ഉപകരണങ്ങളുമി​ല്ലാതെ വലയുകയാണ് കോസ്റ്റൽ സേന. ദുരന്തം വരുമ്പോഴും മാനത്ത് കാറ് നോക്കാനും കടലിലെ തിരയെണ്ണാനും മാത്രമാണ് ഇവരുടെ വിധിയെന്ന് നാട്ടുകാരുടെ ആക്ഷേപം കേൾക്കേണ്ടി​വരുന്നു ഇക്കൂട്ടർക്ക്.

കഴി​ഞ്ഞ ഓഖി ചുഴലിക്കാറ്റിൽ ദുരന്ത നിവാരണ പ്രവർത്തനത്തിൽ പൂർണ സേവനം കോസ്റ്റൽ സേനയിൽ നിന്ന് ലഭിച്ചില്ലെന്ന് പരാതി​യുണ്ട്. കാലവർഷം ശക്തിപ്രാപി​ക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴും തോട്ടപ്പള്ളിയിലെ കോസ്റ്റൽ പൊലീസിന്റെ ഇന്റർസെപ്റ്റർ ബോട്ടും പൂർണ സജ്ജമല്ല.

കോസ്റ്റൽ പൊലീസ് സ്റ്റേഷനുകളുടെ വരവ്
മുംബയ് ഭീകരാക്രമണത്തെ തുടർന്ന് സംസ്ഥാനത്തെ തീരത്ത് 14 കോസ്റ്റൽ പൊലീസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു. 2012ൽ സംസ്ഥാന ആഭ്യന്തര വകുപ്പ് ആദ്യഘട്ടത്തിൽ എട്ടും പിന്നീട് ആറും സ്റ്റേഷനുകൾ തുടങ്ങി. ആദ്യഘട്ടത്തിലുള്ള സ്റ്റേഷനുകളിൽ രണ്ട് ഇന്റർസെപ്റ്റർബോട്ടുകൾ വീതം അനുവദിച്ചു. പുതിയ ആറ് സ്റ്റേഷനുകളിൽ ഇന്റർസെപ്റ്റർബോട്ടുകൾ അനുവദിച്ചില്ല. പകരം നിലവിലെ സ്റ്റേഷനുകളിലെ ബോട്ടുകൾ നൽകുകയാണ് ചെയ്തത്.

#ലക്ഷ്യം
തീര സുരക്ഷയ്ക്കും ദുരന്തനിവാരണ പ്രവർത്തനത്തിനുമായാണ് കോസ്റ്റൽ പൊലീസ് സ്റ്റേഷൻ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയത്. സംസ്ഥാനത്തെ ഒൻപത് തീര ജില്ലകളിലും കോസ്റ്റൽ പൊലീസ് സ്റ്റേഷനുകൾ ഉണ്ട്.

14

സംസ്ഥാനത്തെ ആകെ കോസ്റ്റൽ പൊലീസ് സ്റ്റേഷനുകൾ 14 എണ്ണമാണ്.

#അംഗബലം കൂടുതൽ
ലോക്കൽ പൊലീസ് സ്റ്റേഷനേക്കാൾ അംഗബലം കോസ്റ്റൽ സ്റ്റേഷനുകളിൽ ഉണ്ട്. എന്നാൽ പണി പരിമിതം.
സി.ഐ ഒന്ന്, എസ്.ഐ, എ.എസ്.ഐ, സീനിയർ സിവിൽ പൊലീസ് ഓഫീസർ, സിവിൽ പൊലീസ് ഓഫീസർ , ഡ്രൈവർ രണ്ട്, ഇതിന് പുറമേ മറൈൻ ഹോംഗാർഡ് ഉൾപ്പടെ 55ൽ അധികം ജീവനക്കാർ ഒരോ സ്റ്റേഷനിലുമുണ്ട്.

കോസ്റ്റൽ സ്റ്റേഷനി​ലെ അംഗബലം

(തോട്ടപ്പള്ളി​)

സി.ഐ.................... ഒന്ന്

എസ്.ഐ .................... 3

എ.എസ്.ഐ .................... 3

സീനിയർ സിവിൽ പൊലീസ് ഓഫീസർ.................... ഒൻപത്

സിവിൽ പൊലീസ് ഓഫീസർ.................... 27

ഡ്രൈവർ .................... രണ്ട്

പരുവക്കേടി​ൽ

ഇന്റർസെപ്റ്റർ ബോട്ടുകൾ


സംസ്ഥാനത്ത് ഉള്ള 24 ഇന്റർസെപ്റ്റർ ബോട്ടുകളിൽ 15എണ്ണവും കട്ടപുറത്താണ്. ശേഷിച്ച ഒൻപതെണ്ണം കടൽക്ഷോഭത്തെ അതിജീവിച്ച് രക്ഷാപ്രവർത്തനം നടത്താൻ കഴിയാത്ത അവസ്ഥയിലാണ്. വാർഷിക അറ്റകുറ്റ പ്പണി യഥാസമയം നടത്താൻ കഴിയാത്തതി​നാലാണ് ബോട്ടുകൾ പ്രവർത്തന രഹിതമായത്. 12ടൺ ബോട്ടിന് 2.75 കോടിയും അഞ്ചുടൺ ബോട്ടിന് 2.5 കോടിരൂപയുമാണ് വില. ഗോവ ഷിപ്പ് യാഡി​ലാണ് ബോട്ടുകൾ ആധുനിക സംവിധാനത്തോടെ നിർമ്മിച്ചത്.

കോസ്റ്റൽ പൊലീസി​ന്റെ ആവശ്യങ്ങൾ


രക്ഷാപ്രവർത്തനത്തിന് ആവശ്യമായ പരിശീലനവും രക്ഷാ ഉപകരണങ്ങളും

നാവിക സേന അംഗങ്ങൾക്ക് നൽകുന്ന തരത്തിലുള്ള നാവി​ക പരിശീലനവും

ആധുനി​ക ജീവൻ രക്ഷാഉപകരണങ്ങൾ ലഭ്യമാക്കണം.

കോസ്റ്റ്ഗാർഡി​ന്റെ ഒരുമാസത്തെ പരിശീലനം അപര്യാപ്തം

കടലുമായി ബന്ധമുള്ളവരെ കോസ്റ്റൽ പൊലീസി​ൽ നിയമിക്കണം.