അരൂർ: അരൂർ പള്ളി ജംഗ്ഷനിൽ കടകൾ മറയും വിധം പാർക്ക് ചെയ്തിരുന്ന ആട്ടോറിക്ഷകൾ ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് നീക്കി. മാസങ്ങൾക്ക് മുൻപ് കോടതി ഉത്തരവിട്ടിരുന്നെങ്കിലും പാലിക്കപ്പെടാതിരുന്നതിനെ തുടർന്ന് സമയബന്ധിതമായി നടപ്പാക്കാൻ ഗ്രാമ പഞ്ചായത്തിനും ചേർത്തല ആർ.ടി.ഒയ്ക്കും പൊലീസിനും ഹൈക്കോടതി നിർദ്ദേശം നൽകുകയായിരുന്നു. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ പൊലീസും ചേർത്തല ആർ.ടി.ഒയും സ്ഥലത്തെത്തി ആട്ടോകൾ മാറ്റുകയും ചെയ്തു.
അരൂർ പഞ്ചായത്ത് കോയ്മപറമ്പിൽ റോളണ്ട് ഈശി ആണ് പരാതിക്കാരൻ. റോളണ്ടിന് അരൂർ പള്ളി കവലയിൽ റോഡിന് കിഴക്കുഭാഗത്ത് കടകളും വീടും ഉണ്ട്. ഇതിന് മറയായി രണ്ടു നിരയിൽ ആട്ടോകൾ പാർക്ക് ചെയ്ത് സ്റ്റാൻഡായി മാറ്റിയിരുന്നു. ആദ്യം ആട്ടോകൾ കുറവായിരുന്നുവെങ്കിലും പിന്നീട് വർദ്ധിച്ചു. ഇതോടെ രണ്ടു വരിയാക്കുകയും അവ കടകൾക്ക് മറയാവുകയും ചെയ്തു. പല തവണ ആട്ടോ തൊഴിലാളികളുമായി അനുരഞ്ജന ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് റോളണ്ട് കോടതിയെ സമീപിച്ചത്.
ഇവിടെ നൂറോളം ആട്ടോകൾ സർവീസ് നടത്തുന്നുണ്ട്. നിലവിലുള്ള സ്റ്റാൻഡിൽ നിന്ന് പിന്നിലേക്ക് മാറ്റിയാൽ അപകട സാദ്ധ്യത ഏറെയാണെന്ന് ആട്ടോ തൊഴിലാളികൾ പറയുന്നു. പൊലീസ് നിർദ്ദേശിക്കുന്ന സ്ഥലത്ത് ബസ് സ്റ്റോപ്പ് ആയതിനാൽ ആട്ടോകൾ പാർക്ക് ചെയ്യുന്നത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടാകുമെന്നും ഡ്രൈവർമാർ വിശദീകരിക്കുന്നു.