ആലപ്പുഴ: സംവിധായകൻ ഭരതന്റെ സ്മരണയ്ക്കായി വേൾഡ് ഡ്രമാറ്റിക് സ്റ്റഡി സെന്റർ ആൻഡ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഏർപ്പെടുത്തിയ പത്താമത് ഭരതൻ സ്മാരക ഹ്രസ്വസിനിമാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

അരമണിക്കൂർ വിഭാഗത്തിൽ മങ്കൊമ്പ് ശിവദാസ് സംവിധാനം ചെയ്ത നിങ്ങൾ ക്യൂവിലാണ്, ഡിപ്ലോമ വിഭാഗത്തിൽ ഏലിയാസ് ടി.റാക്കാട് സംവിധാനം ചെയ്ത പൊതുജനതാല്പര്യാർത്ഥം, പ്രവാസി വിഭാഗത്തിൽ മോനിച്ചൻ കളപ്പുരയ്ക്കൽ സംവിധാനം ചെയ്ത തിരികൾ, ഡോക്യുഫിക്ഷൻ വിഭാഗത്തിൽ സംബ്രാജ് നായർ സംവിധാനം ചെയ്ത മൈ സൂപ്പർ ഹീറോ, അഞ്ച് മിനിറ്റ് വിഭാഗത്തിൽ എസ്. ബിൻയാമിൻ സംവിധാനം ചെയ്ത ലൗ മി, പത്ത് മിനിറ്റ് വിഭാഗത്തിൽ കണ്ടല്ലൂർ ലക്ഷ്മണൻ സംവിധാനം ചെയ്ത വിട, ദീപു കാട്ടൂർ സംവിധാനം ചെയ്ത ഉലകവല, പതിനഞ്ച് മിനിറ്റ് വിഭാഗത്തിൽ എൻ.ടി. ഭരത് സംവിധാനം ചെയ്ത ജേർണി ഒഫ് ലൗ എന്നീ ചിത്രങ്ങൾ അവാർഡിന് അർഹമായി.

പതിനഞ്ച് മിനിറ്റ് വിഭാഗത്തിൽ എസ്.കുമാർ സംവിധാനം ചെയ്ത പ്രധാനമന്ത്രിക്കൊരു കത്ത് രണ്ടാം സ്ഥാനത്തിനും എസ്.എസ്.ഷിജിൻ ലാൽ സംവിധാനം ചെയ്ത അപരിചിതൻ പ്രത്യേക ജ്യൂറി പുരസ്‌കാരത്തിനും അർഹമായി. സംഭാഷണരഹിത വിഭാഗത്തിൽ എൻ.ആർ. സുരേഷ്ബാബു സംവിധാനം ചെയ്ത ഓരങ്ങളിൽ, ഡോക്യുമെന്ററി വിഭാഗത്തിൽ രാകേഷ് നാഥ് സംവിധാനം ചെയ്ത കവിയച്ഛൻ, ആൽബം വിഭാഗത്തിൽ വി.എസ്.സുധീർ ഘോഷ് സംവിധാനം ചെയ്ത ഓർമയിൽ നമ്മുടെ രാജനക്ഷത്രം, വനിതാ വിഭാഗത്തിൽ അഖില സായൂജ് സംവിധാനം ചെയ്ത മകൾ എന്നീ ചിത്രങ്ങളും പുരസ്‌കാരത്തിന് അർഹമായി.
മങ്കൊമ്പ് ശിവദാസ്, എൻ.ടി ഭരത് എന്നിവർ മികച്ച സംവിധായകർക്കുളള പുരസ്‌കാരത്തിനും വിദ്യാധരൻ മാസ്റ്റർ, കാവാലം ശ്രീകുമാർ എന്നിവർ മികച്ച സംഗീത സംവിധായകർക്കുളള പുരസ്‌കാരത്തിനും അർഹരായി. പ്രഭ പെരുമനത്ത്, ഷിബിൻ ഷാ (തിരക്കഥാകൃത്തുക്കൾ),ഷാജി മൊയ്തീൻ, ജയൻ തോമസ് (നടന്മാർ ), ലക്ഷ്മി (നടി), സ്റ്റീഫി (ബാലനടൻ), ജോൻസി മരിയ ജിജോ (ബാലനടി), സബിൻ സാബു, ഷാജി (കലാ സംവിധായകർ), ശ്യാംകുമാർ (കാമറ), ജോയൽ വളളികാട് (റെക്കോർഡിംഗ്), ദീപുരാജ് ആലപ്പുഴ, വി.എം. ആന്റണി (ഡബ്ബിംഗ്) എന്നിവർക്കാണ് ഇതര പുരസ്‌കാരങ്ങൾ.
ഭരതൻ-കെ.കെ.ഹരിദാസ് സ്മാരക പ്രതിഭാ പുരസ്‌കാരങ്ങളും ഇതോടൊപ്പം പ്രഖ്യാപിച്ചു. വിദ്യാധരൻ മാസ്റ്റർ (സംഗീത ശ്രേഷ്ഠാ പുരസ്‌കാരം ), ഫാ. സേവ്യർ കുടിയാംശേരി (മാധ്യമ പ്രതിഭാ പുരസ്‌കാരം), സി.കെ. വിശ്വനാഥൻ (ചിത്രകല പ്രതിഭ പുരസ്‌കാരം), പി. രശ്മി (വനിതാ മാദ്ധ്യമപ്രതിഭാ പുരസ്‌കാരം), മാസ്റ്റർ അഭിനന്ദ് (ബാല ചിത്രകലാ പ്രതിഭാ പുരസ്‌കാരം) എന്നിവർക്കാണ് പ്രതിഭാ പുരസ്‌കാരങ്ങൾ. ചലച്ചിത്ര സംവിധായകൻ പോൾസൺ, ഡോക്യുമെന്ററി സംവിധായകനും മാദ്ധ്യമപ്രവർത്തകനുമായ ബി. ജോസുകുട്ടി, ചലച്ചിത്രഗാന രചയിതാവും കവിയുമായ ആലപ്പുഴ രാജശേഖരൻ നായർ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്.
മാർച്ച് രണ്ടാംവാരം ആലപ്പുഴയിൽ നടക്കുന്ന പ്രത്യേക സമ്മേളനത്തിൽ പുരസ്‌കാരങ്ങൾ സമർപ്പിക്കുമെന്ന് സ്റ്റഡി സെന്റർ ഡയറക്ടർ ആര്യാട് ഭാർഗവൻ, ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങളായ ആലപ്പുഴ രാജശേഖരൻ നായർ, ബി.ജോസുകുട്ടി എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.