കുട്ടനാട് : മാമ്പുഴക്കരി-എടത്വാ കനാൽ നവികരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത്. പോളയും കടകലും മാലിന്യങ്ങളും കുമിഞ്ഞുകൂടിയതിനെത്തുടർന്ന് ദുർഗന്ധ പൂരിതമായ തോട് പ്രദേശത്തെ കുടിവെള്ളക്ഷാമം രൂക്ഷമാക്കിയതിന് പുറമെ പരിസ്ഥിതിക്ക് വൻ വെല്ലുവിളി ഉയർകയും ചെയ്യുന്നു. എ.സി കനാലിനെ എടത്വാ ആറുമായി ബന്ധിപ്പിക്കുന്നതാണ് ഈ നാട്ടുതോട്. വർഷങ്ങൾക്ക് മുമ്പ് ചരക്കുകളുമായി കേവു വള്ളങ്ങളും കെട്ടുവള്ളങ്ങളും സഞ്ചരിച്ചിരുന്നതിന് പുറമേ ജലഗതാഗത വകുപ്പിന്റെ എടത്വാ- മാമ്പുഴക്കരി ബോട്ട് സർവ്വീസും ഇവിടെ നടന്നിരുന്നു. എ.സി കനാലിൽ മാമ്പുഴക്കരി ജംഗ്ക്ഷനിൽ നിന്നും ആരംഭിച്ച് മിത്രക്കരി, ഊരുക്കരി തായങ്കരി തുടങ്ങിയ വിവിധ പ്രദേശങ്ങൾ കടന്നാണ് എടത്വാ ആറിൽ തോടു ചെന്നുചേരുന്നത്. ഒരു സമയത്ത് നാട്ടുകാർ കുളിക്കാനും അലക്കാനുമുൾപ്പെടെയുള്ള ദൈനംദിന ആവശ്യങ്ങൾക്ക് ഈ തോടിനെയാണ് ആശ്രയിച്ചിരുന്നത്. പിന്നീട് തോട് പോളയും കടകലും കൊണ്ട് മൂടപ്പെട്ടു. ഇതിന് പുറമെ മാലിന്യങ്ങളും കുന്നുകൂടിയതോടെ കനാൽ നാട്ടുകാർക്ക് യാതൊരുവിധത്തിലും ഉപയോഗിക്കാൻ കഴിയാത്ത നിലയിലായി.