കുട്ടനാട്: ലോകപ്രശസ്ത കൃഷിശാസ്ത്രജ്ഞൻ ഡോ.എം എസ് സ്വാമിനാഥന് കാർഷിക സംസ്കൃതിയുടെ ബാലപാഠം പകർന്നു നൽകിയ
മങ്കൊമ്പ് പൊൻവേലിവാക്കൽ പാടശേഖരം വിസ്മൃതിയിലേക്ക്. പുളിങ്കുന്ന് കൃഷി ഭവന് കീഴിലുള്ള പതിനൊന്ന് ഏക്കറിലേറെ വരുന്ന പാടത്ത് കൃഷി ഇറക്കാതായിട്ട് മൂന്നര പതിറ്റാണ്ടായി.
പുല്ലും കാടും പടർന്നുപിടിച്ചതിനെത്തുടർന്ന് പാമ്പുകളുടെ പ്രധാന വാസകേന്ദ്രമായി ഇതു മാറി. തങ്ങളുടെ ജീവന് പോലുംപാടം ഭീഷണിയാണെന്ന ആക്ഷേപവുമായി സമീപവാസികളായ അമ്പതോളം കുടുംബങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ഡോ: സ്വാമിനാഥന്റെ തറവാട്ടു സ്വത്തായ കൊട്ടാരം കുടുംബ വീടിന് തൊട്ടുമുന്നിലായുള്ള ഈ പാടശേഖരത്ത് 1984 മുതലാണ് കൃഷി നടക്കാതായത്. അന്നുണ്ടായ മടവീഴ്ചയെത്തുടർന്നായിരുന്നു കൃഷി ഉപേക്ഷിച്ചത്. പാടശേഖരത്ത് വർഷങ്ങളായി കെട്ടിക്കിടക്കുന്ന മലിന ജലം കാരണം പ്രദേശത്തെ കിണറുകളിലും കുളങ്ങളിലും നിന്നു ലഭിക്കുന്ന വെള്ളം ഉപയോഗയോഗ്യമല്ല.
രാത്രിയായാൽ ഇഴജന്തുക്കളുടെയും മറ്റും ശല്യം രൂക്ഷമായതിനാൽ നാട്ടുകാർ പുറത്തിറങ്ങാൻ മടിക്കുകയാണ്. 2012ൽ ജില്ലാപഞ്ചായത്തംഗമായി ഈ ഡിവിഷനിൽ നിന്നും വിജയിച്ച യു പ്രതിഭയുടെ നേതൃത്വത്തിൽ ഇവിടെ കൃഷി വീണ്ടെടുക്കാനുള്ള ചില ശ്രമങ്ങൾ നടത്തിയെങ്കിലും പിന്നീട് അത് വിജയിച്ചില്ല. ഈ പാടശേഖരത്തിന്റെ ഉടമസ്ഥാവകാശം മങ്കൊമ്പ് കൊളങ്ങര ഇല്ലത്തിലെ ഏതാനും അംഗങ്ങളുടെ കൈവശമാണ്.