ആലപ്പുഴ : സ്റ്റേ സർവീസുകൾ കൂട്ടത്തോടെ നിറുത്തലാക്കാനുള്ള കെ.എസ്.ആർ.ടി.സിയുടെ നീക്കം യാത്രക്കാർക്ക് തിരിച്ചടിയാകുന്നു.

കുട്ടനാട്ടുകാരാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്. പുളിങ്കുന്ന്, ചമ്പക്കുളം ഉൾപ്പെടെയുള്ള പ്രദേശത്തേക്കുണ്ടായിരുന്ന സർവീസുകൾ നിർത്തലാക്കി.

ഹരിപ്പാട് ഡിപ്പോയിൽ നിന്ന് ആലപ്പുഴയിലേയ്ക്കും തിരുവല്ലയിലേക്കുമുള്ള സ്റ്റേ സർവീസുകൾ നിർത്തി.തിരുവല്ലയിൽ നിന്ന് ഹരിപ്പാട്ടേയ്ക്കുള്ള സ്റ്റേസർവീസും അവസാനിപ്പിച്ചു. ആറാട്ടുപുഴ സർവീസ് മാത്രമാണ് നിലവിലുള്ളത്. നഷ്ടക്കണക്ക് നിരത്തി ഇതും നിർത്തലാക്കാനുള്ള ആലോചനയിലാണ് അധികൃതർ. ആലപ്പുഴയിൽ നിന്ന് തൃക്കുന്നപ്പുഴയിലേയ്ക്കും വലിയഴീക്കലിലേക്കും ഉണ്ടായിരുന്ന സർവീസുകൾ നിർത്തലാക്കിയതോടെ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിലുള്ളവർ തൊഴിൽ കഴിഞ്ഞ് വീടുകളിൽ മടങ്ങിയെത്താൻ ബുദ്ധിമുട്ടുകയാണ്. രാത്രിയിൽ തോട്ടപ്പള്ളിയിൽ എത്തിയാൽ ഓട്ടോറിക്ഷയും ലഭിക്കാറില്ല. പൊലീസിന്റെ നിർദേശത്തെ തുടർന്ന് രാത്രി 10മണിയോടെ ഇവിടെ ഓട്ടോറിക്ഷകൾ സർവീസ് അവസാനിപ്പിക്കും. ഹരിപ്പാട് ഡിപ്പോയിൽ നിന്ന് വലിയഴിക്കൽ വഴി തിരുവനന്തപുരം, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലേയ്ക്ക് നടത്തിയിരുന്ന സർവീസുകളും നിർത്തലാക്കി. ഈ സർവീസുകൾ അമിതലാഭത്തിലല്ലെങ്കിലും നഷ്ടത്തിലല്ലായിരുന്നു. എന്നിട്ടും ഇവ നിർത്തലാക്കിയതിനെതിരെ പ്രതിഷേധമുണ്ട്.

സ്റ്റേ സർവീസുകൾക്ക് പുറമേ, നഷ്ടക്കണക്ക് കൂട്ടിക്കിഴിച്ച് ഓർഡിനറി സർവീസുകൾ കൂട്ടമായി നിറുത്തുന്നതായും ആരോപണമുണ്ട്. സ്‌കൂൾ, ഓഫീസ് സമയങ്ങളിൽ ആവശ്യത്തിന് സർവീസുകളില്ലാത്തത് കെ.എസ്.ആർ.ടി.സിയെ മാത്രം ആശ്രയിക്കുന്ന റൂട്ടുകളിൽ വലിയ യാത്രാക്‌ളേശമാണുണ്ടാക്കുന്നത്.

 ബസുകൾ കട്ടപ്പുറത്ത്

ഡിപ്പോകളിൽ ജീവനക്കാരുടെ എണ്ണക്കുറവ് കാരണവും ബസുകൾ കട്ടപ്പുറത്തായതും കാരണം സർവീസുകൾ മുടങ്ങുന്നുണ്ട്. ചേർത്തല-15, ചെങ്ങന്നൂർ-5, ഹരിപ്പാട്-11, മാവേലിക്കര-5, ആലപ്പുഴ -12 എന്നിങ്ങനെ ബസുകൾ സാങ്കേതിക തകരാറുകാരണം സർവീസ് നടത്താൻ കഴിയാതെ ഡോക്കിലാണ്.

(ഡിപ്പോ, ആകെ ബസ്, ഷെഡ്യൂൾ, നേരത്തെയുണ്ടായിരുന്ന സ്റ്റേസർവീസുകൾ, നിലവിലുള്ള സ്റ്റേസർവീസ്) എന്ന ക്രമത്തിൽ

ആലപ്പുഴ-97 -77 -5 -2

ചേർത്തല-98 -77 -4 -4

ഹരിപ്പാട്-45 -42- 5 -1

കായംകുളം-68 -67 -7 -0

മാവേലിക്കര-41 -35 -4 -2

ചെങ്ങന്നൂർ-54 -42 -7 -2

എടത്വ-27 -27 -ഇല്ല