മാന്നാർ: തിരുവൻവണ്ടൂരിൽ ടൂ വീലർ വർക്ക് ഷോപ്പിലുണ്ടായ തീപിടിത്തത്തിൽ 14 ഇരുചക്രവാഹനങ്ങൾ കത്തി നശിച്ചു.തിരുവൻവണ്ടൂർ ക്ഷേത്രത്തിനു സമീപം വാലേത്ത് ചന്ദ്രൻ പിള്ളയുടെ ഉടമസ്ഥതയിലുള്ള ഇരുനിലകെട്ടിടത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന വർക്ക് ഷോപ്പിനാണ് ഇന്നലെ രാവിലെ 10ഓടെ തീപിടിച്ചത്. തിരുവൻവണ്ടൂർ മാലിത്തറയിൽ സജിത്ത് സത്യന്റെ ഉടമസ്ഥതയിലുള്ളതാണ് വർക്ക് ഷോപ്പ്. രാവിലെ വർക്ക് ഷോപ്പ് തുറന്ന ശേഷം സജിത്ത് വാഹനങ്ങളുടെ സ്‌പെയർ പാർട്ട്‌സുകൾ വാങ്ങാൻ പോയ ശേഷം തിരികെ വരുമ്പോഴാണ് തീ ഉയരുന്നത് കണ്ടത്.സമീപവാസികൾ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും വാഹനങ്ങൾ ഓരോന്നായി ഉഗ്രശബ്ദത്തോടെ ആളിക്കത്തി.
വർക്ക് ഷോപ്പിനു മുന്നിലും അകത്തുമായി നിരത്തി വച്ചിരുന്ന വാഹനങ്ങളാണ് കത്തിനശിച്ചത്. ഉപകരണങ്ങളും ,അത് സൂക്ഷിച്ചിരുന്ന അലമാരയും കത്തി നശിച്ചു.
തൊട്ടടുത്ത് തുണിക്കടയും ഹോട്ടലും പ്രവർത്തിക്കുന്നുണ്ട്.മുകളിലത്തെ നിലയിൽ താമസക്കാരുമുണ്ട്. ചെങ്ങന്നൂർ, തിരുവല്ല, മാവേലിക്കര എന്നിവിടങ്ങളിൽ നിന്ന് 4 യൂണിറ്റ് ഫയർഫോഴ്‌സ് എത്തി തീഅണച്ചതിനാൽ മറ്റിടങ്ങളിലേക്ക് തീ പടർന്നില്ല
പത്തനംതിട്ട ജില്ല ഫയർ ഓഫീസർ കെ.ആർ അഭിലാഷ്, തിരുവല്ല സ്റ്റേഷൻ ഓഫീസർ പി.ബി വേണുകുട്ടൻ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സുരേഷ് ,തിരുവല്ല ഗ്രേഡ് ഫയർ ഓഫീസർ വൈ.ജൂട്ടസ് എന്നിവരുടെ നേതൃത്വത്തിൽ ചന്ദ്രപ്പൻ ,അനി, ശ്രീരാഗ്, പ്രദീപ്, ജയൻ, ലാലു, പോൾസൺ ജോസഫ്, അസി.സ്റ്റേഷൻ ഓഫീസർമാരായ ഉണ്ണിക്കൃഷ്ണൻ, പൊൻ രാജ്, റെജി ജോസ്, സജിമോൻ, എം.കെ .സുജിൻ ,ഷാജു കുമാർ, ഷാം ലാൽ, ബിജുകുമാർ തുടങ്ങി 20 ഓളം വരുന്ന സംഘമാണ് തീ അണച്ചത്.
സജിത്ത് ഇവിടെ വർക് ഷോപ്പ് തുടങ്ങിയിട്ട് 2 വർഷത്തിലധികമായി.10 ലക്ഷത്തിൽ അധികം രൂപയുടെ നാശനഷ്ടമുണ്ടായതായി സജിത് പറഞ്ഞു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.