ആലപ്പുഴ: എസ്.ബി.ഐ, കലവൂർ, പാണാവള്ളി വില്ലേജ് സർവ്വീസ് സഹകരണ ബാങ്ക്, തങ്കി സർവ്വീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിൽ നിന്നും വായ്പയെടുത്ത ഒമ്പത് മത്സ്യത്തൊഴിലാളികൾക്ക് 6,29,146 രൂപ കടാശ്വാസമായി അനുവദിക്കുന്നതിന് മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ ശുപാർശ ചെയ്തു.
ജില്ലയിൽ നടന്ന കമ്മീഷൻ സിറ്റിംഗിൽ ചെയർമാൻ ജസ്റ്റിസ് പി. എസ്. ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. ഹാജരാകാൻ നോട്ടീസ് നല്കിയ 127 അപേക്ഷകരിൽ 112 കേസുകൾ കമ്മീഷൻ പരിഗണിച്ചു. കക്ഷികൾ ഹാജരാകാത്ത കേസുകൾ അടുത്ത അദാലത്തിൽ പരിഗണിക്കും. വലിയഴീക്കൽ-ആറാട്ടുപുഴ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിൽ നിന്നും 40,000 രൂപയുടെ വായ്പ കാലഹരണപ്പെട്ടതായി കണ്ട് തീർപ്പാക്കാതിരിക്കാൻ കാരണം രണ്ട് ആഴ്ചക്കകം ബോധിപ്പിക്കാൻ സംഘത്തിനോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ സംഘം മതിയായ കാരണം നിശ്ചിത സമയ പരിധിക്കകം ബോധിപ്പിക്കാതിരുന്നതിനാൽ വായ്പ തീർപ്പാക്കാൻ സംഘത്തിന് നിർദ്ദേശം നല്കി. സംസ്ഥാന ഭവന നിർമ്മാണ ബോർഡിൽ നിന്നും വായ്പയെടുത്ത മത്സ്യത്തൊഴിലാളിക്ക് കടാശ്വാസ വിഹിതം സർക്കാരിൽ നിന്നും അനുവദിച്ചതിനെ തുടർന്ന് ഈടാധാരം തിരികെ നല്കാൻ നിർദ്ദേശിച്ചിട്ടും പാലിക്കാത്തതിൽ കമ്മീഷൻ അതൃപ്തി രേഖപ്പെടുത്തി. ഈടാധാരം രണ്ടാഴ്ചക്കകം തിരികെ നല്കി കമ്മീഷൻ മുമ്പാകെ റിപ്പോർട്ട് ഹാജരാക്കാൻ ഉത്തരവ് നല്കി.
കമ്മിഷൻ അംഗങ്ങളായ അഡ്വ.വി.വി ശശീന്ദ്രൻ, റ്റി.ജെ ആഞ്ചലോസ്, കെ.എ. ലത്തീഫ് എന്നിവർ പങ്കെടുത്തു.