തുറവൂർ : കുത്തിയതോട് പഞ്ചായത്തിലെ ചാവടി --ടി.ഡി.സ്കൂൾ റോഡ് തകർന്ന് കുണ്ടും കുഴിയുമായി തീർന്നിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും പുനരുദ്ധാരണത്തിന് നടപടിയില്ല. നിത്യേന നൂറുകണക്കിന് വിദ്യാർത്ഥികളും നിരവധി വാഹനങ്ങളും സഞ്ചരിക്കുന്ന റോഡിൽ കാൽനടയാത്ര പോലും അസാദ്ധ്യമാണ്. റോഡിൽ പലേടത്തും മെറ്റൽ ഇളകി കുഴികൾ രൂപപ്പെട്ടതിനാൽ സൈക്കിളിൽ സ്കൂളിൽ എത്തുന്ന വിദ്യാർത്ഥികൾ അപകടത്തിൽപ്പെടുന്നത് പതിവാണ്.
സ്കൂളുകൾക്ക് മുന്നിലൂടെ കടന്നു പോകുന്നതാണ് റോഡ്. ടി.ഡി സ്കൂൾ മാനേജ്മെന്റിന്റെ കീഴിൽ വരുന്ന 3 സ്കൂളുകളിലായി രണ്ടായിരത്തിലധികം കുട്ടികൾ പഠിക്കുന്നുണ്ട്. : റോഡിന്റെ അറ്റകുറ്റപ്പണികൾക്കായി പഞ്ചായത്ത് തനതു ഫണ്ടിലുൾപ്പെടുത്തി അഞ്ച് ലക്ഷംം രൂപ അനുവദിച്ചിട്ട് 6 മാസം പിന്നിട്ടുവെങ്കിലും തുടർനടപടികൾ വൈകുകയാണ്. ടി.ഡി.ജംഗ്ഷനിൽ നിന്നും തിരുമല ക്ഷേത്രത്തിന് അരികിലൂടെ കടന്നുപോകുന്ന റോഡും സഞ്ചാരയോഗ്യമല്ലാത്ത സ്ഥിതിയിലാണ്. സ്കൂൾ പരിസരത്തെ പ്രധാാനപ്പെട്ട രണ്ട് റോഡുകളും തകർന്ന തോടെ വിദ്യാർത്ഥികളും അധ്യാപകരും അനുഭവിക്കുന്ന ദുരിതം ചെറുതല്ല.
''ചാവടി - ടി.ഡി റോഡിന്റെ അറ്റകുറ്റപണികൾക്ക് 5 ലക്ഷം രൂപ പഞ്ചായത്ത് അനുവദിച്ചിട്ടുണ്ട്. കരാർ സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയായി. അറ്റകുറ്റപ്പണി വൈകാതെ തുടങ്ങും
പ്രേമാ രാജപ്പൻ, പ്രസിഡന്റ്, കുത്തിയതോട് ഗ്രാമ പഞ്ചായത്ത്.