ചേർത്തല:സി.പി.എം ചേർത്തല ഏരിയ കമ്മിറ്റി മുൻ അംഗവും തിരുനെല്ലൂർ ബാങ്ക് മുൻ സെക്രട്ടറിയുമായിരുന്ന പി.എസ്.ശ്രീകുമാറിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കാൻ സി.പി.എം ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.സി.പി.എം കഞ്ഞിക്കുഴി ഏരിയകമ്മിറ്റി മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി.പ്രിയേഷ്കുമാറിനെതിരേയും സി.വി.മനോഹരനെതിരേയും കൈകൊണ്ട നടപടികൾക്കും ജില്ലാ കമ്മിറ്റി അംഗീകാരം നൽകി.
തിരുനെല്ലൂർ ബാങ്ക് തിരഞ്ഞെടുപ്പിൽ ബദൽ പാനൽ അവതരിപ്പിച്ച് പാർട്ടി സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ ശ്രമിച്ചതിന് സി.പി.എം ചേർത്തല ഏരിയ കമ്മിറ്റി എട്ടു മാസങ്ങൾക്ക് മുമ്പ് ശ്രീകുമാറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ഐകകണ്ഠേന തീരുമാനിച്ചിരുന്നു.നടപടി ജില്ലാ കമ്മിറ്റിയുടെ അനുമതിക്കായി വിട്ടെങ്കിലും നടപടി നീട്ടിവച്ചു.ഇതിനിടെ ബാങ്കിൽ വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന ക്രമവിരുദ്ധ നടപടികളും വായ്പ തട്ടിപ്പും ജില്ലാ കമ്മിറ്റി നേരിട്ട് അന്വേഷിച്ച് ബോധ്യപ്പെട്ടതോടെയാണ് നടപടി എടുത്തത്.
25 ലക്ഷം രൂപയാണ് വസ്തു പരിശോധിക്കാതെയും നിയമോപദേശം സ്വീകരിക്കാതേയും അനുവദിച്ചത്.ഭാര്യയുടെ പേരിലുള്ള വസ്തു നിലമാണെന്ന് അറിഞ്ഞിട്ടും മനപൂർവം മറച്ച് വെച്ച് കൃത്രിമ രേഖകൾ ഉണ്ടാക്കിയാണ് വായ്പ അനുവദിച്ചതെന്നും പുതിയ ഭരണ സമിതി കണ്ടെത്തിയിരുന്നു.തുടർന്ന് ബാങ്ക് കോടതിയെ സമീച്ചതിനെ തുടർന്ന് ശ്രീകുമാർ,ഭാര്യ അനുജ ശ്രീകുമാർ,പഴയ ബോർഡ് അംഗങ്ങൾ ഉൾപ്പെടെ 19 പേർക്കെതിരെ കോടതി നിർദ്ദേത്തെ തുടർന്ന് കേസെടുത്തിരുന്നു.ഇതിനെതിരെ മുൻകൂർ ജാമ്യം തേടി ശ്രീകുമാർ ഹൈക്കോടതിയെ സമീപച്ചെങ്കിലും കോടതി ബാങ്കിന്റെ വാദം കേൾക്കാനായി കേസ് മാറ്റി വെച്ചിരിക്കുകയാണ്.ഇതിനിടെയാണ് പാർട്ടിയിൽ നിന്നുള്ള പുറത്താക്കൽ .കയർ തൊഴിലാളി യൂണിയൻ നേതാവുകൂടിയാണ് ശ്രീകുമാർ.
കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി പ്രിയേഷ്കുമാറിനെതിരെ സ്വീകരിച്ച നടപടിക്ക് അംഗീകാരം നൽകി.ആറുമാസം സസ്പെന്റ് ചെയ്യുന്നതിനും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കാനുമായിരുന്നു എരിയാ കമ്മിറ്റി തീരുമാനം.ഇതിന് അംഗീകാരം നൽകിയ ജില്ലാ കമ്മിറ്റി സംഭവത്തിന്റെ നിജ സ്ഥിതി ബോദ്ധ്യപ്പെടാൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങായ ജി.ഹരിശങ്കർ,സത്യപാലൻ എന്നിവരെ അന്വേഷണ കമ്മീഷനായി നിയമിച്ചു.മകന്റെ വിവാഹം ആഡംബരമായി നടത്തിയെന്ന് ആക്ഷേപം ഉയർന്നതിനെ തുടർന്നാണ് ചേർത്തല തെക്ക് സഹകരണ ബാങ്ക് മുൻ പ്രസിഡന്റുകൂടിയായ സി.വി.മനോഹനെതിരെ നടപടി സ്വീകരിച്ചത്.ഇതിനും പാർട്ടി ജില്ലാ കമ്മിറ്റി അംഗീകാരം നൽകി.ജില്ലാ കമ്മിറ്റി യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം സജി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു.മന്ത്രി ജി.സുധാകരൻ,സി.എസ്.സുജാത തുടങ്ങിയവർ പങ്കെടുത്തു.