ആലപ്പുഴ: നാലുചുറ്റും വെള്ളമായിരുന്നിട്ടും ശുദ്ധമായ കുടിവെള്ളം കിട്ടാതിരുന്ന കരുവാറ്റ കാരുമുട്ടുകാരുടെ ഗതികേടിന് അവസാനമാകുന്നു. പ്രദേശത്തെ ശുദ്ധജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി പമ്പ് ഹൗസ് പ്രവർത്തന സജ്ജമാകുന്നതോടെയാണിത്.
കാരമുട്ട് പ്രദേശത്തെ ദുരിതമകറ്റാനായി കരുവാറ്റ ഗ്രാമപഞ്ചായത്ത് 18 ലക്ഷം രൂപ ചെലവഴിച്ചാണ് ശുദ്ധജല പദ്ധതി പൂർത്തീകരിച്ചത്.
പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ ഭരണസമിതിയുടെയും പ്രദേശവാസികളുടെയും കൂട്ടായ പ്രവർത്തന ഫലമായാണ് പ്രദേശവാസികളുടെ ദീർഘനാളത്തെ ആവശ്യമായ പമ്പ് ഹൗസിന്റെ നിർമ്മാണം പൂർത്തീകരിക്കാനായത്. കാരമുട്ട് ദ്വീപിലേയ്ക്ക് എത്തിപ്പെടാൻ ജങ്കാറിനേയും കടത്തുവള്ളത്തേയും ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. ശുദ്ധജലദൗർലഭ്യം കാരമുട്ട് നിവാസികൾ ഏറെ നാളായി അനുഭവിച്ചിരുന്നു. 500ഓളം കുടുംബങ്ങളാണ് ദ്വീപിലുള്ളത്. പമ്പ് ഹൗസിന്റെ പ്രവർത്തനം ആരംഭിച്ചതോടെ ശുദ്ധജലക്ഷാമത്തിന് പൂർണ പരിഹാരമാകും. പമ്പ് ഹൗസിന്റെ പ്രവർത്തനോദ്ഘാടനം നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിച്ചിരുന്നു.
.........
18
കരുവാറ്റ ഗ്രാമപഞ്ചായത്ത് 18 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്
.......
ശുദ്ധജല പദ്ധതി നാട്ടുകാർക്ക് ഏറെ ആഹ്ളാദം പകരുന്ന കാര്യമാണ്. നാട്ടുകാരനായ ജോർജ് ജോസഫ് കുറഞ്ഞ വിലയ്ക്ക് വസ്തു വിട്ടുനൽകിയതും പദ്ധതി ആരംഭിക്കുന്നതിന് ഏറെ സഹായകരമായി.
പി.ലേഖ
പഞ്ചായത്തംഗം