പത്താം തരം, ഹയർ സെക്കൻഡറി തുല്യത പരീക്ഷയെഴുതാൻ കുടുംബശ്രീ അംഗങ്ങൾക്ക് അവസരം
ആലപ്പുഴ : ജീവിയ പ്രാരാബ്ധങ്ങൾക്കിടയിൽ വിദ്യാഭ്യാസം മുഴുവിപ്പിക്കാൻ കഴിയാതിരുന്ന കുടുംബശ്രീ അംഗങ്ങൾക്ക് പത്താം തരം, ഹയർ സെക്കൻഡറി തുല്യതാ പരീക്ഷയിൽ പങ്കെടുക്കാനവസരം. സാക്ഷരതാ മിഷനും കുടുംബശ്രീയും ചേർന്ന് ആവിഷ്‌കരിച്ച 'സമ" പദ്ധതിയാണ് മുടങ്ങിയ വിദ്യാഭ്യാസം തുടരാൻ വഴി തുറക്കുന്നത്.
ഇതിലേക്ക് ജില്ലയിൽ നിന്ന് 450 പേർ കുടുംബശ്രീ വഴി ഇതിനകം രജിസ്റ്റർ ചെയ്തു കഴിഞ്ഞു. ജില്ല സാക്ഷരത സമിതി, കുടുംബശ്രീ ജില്ല മിഷൻ എന്നിവർ സംയുക്തമായാണ് 1000 ഗുണഭോക്താക്കളെ കണ്ടെത്തുക.ആദ്യഘട്ടത്തിൽ ജില്ലയിൽ നിന്ന് 1000 പേർക്ക് അവസരം നൽകും. പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും പത്ത്, ഹയർസെക്കൻഡറി തുല്യതാ വിഭാഗങ്ങളിൽ 50 വീതം പഠിതാക്കളെ ഉൾക്കൊള്ളിച്ചാണ് ക്ലാസ്. പഠനം പൂർത്തിയാക്കുന്ന മുറയ്ക്ക് യോഗ്യതയുള്ളവരെ അർഹതപ്പെട്ട തസ്തികയിലേക്ക് നിയമിക്കുന്നതിനുള്ള പദ്ധതികളും കുടുംബശ്രീ ആലോചിക്കുന്നുണ്ട്. വിദ്യാഭ്യാസത്തിന്റെ കുറവാണ് പല സ്ത്രീകൾക്കും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തുന്നതിനുള്ള പ്രധാന തടസമെന്ന തിരിച്ചറിവിലാണ് പുതിയ പദ്ധതിക്ക് രൂപം നൽകിയതെന്ന് ജില്ലാ സാക്ഷരതാ മിഷൻ അധികൃതർ പറഞ്ഞു.
നവംബറിൽ ആദ്യ ബാച്ച് പത്താംതരം യോഗ്യത പരീക്ഷയും 2021 നവംബറിൽ ഹയർ സെക്കൻഡറി പരീക്ഷയും നടത്താനാകും വിധമാണ് പ്രവർത്തനം. പഠിതാക്കളുടെ സൗകര്യമനുസരിച്ച് അതത് പ്രദേശത്തെ സമ്പർക്ക പഠനകേന്ദ്രങ്ങളിലാകും അദ്ധ്യയനം.
കൊള്ളാം 'സമ"
സ്ത്രീ ശാക്തീകരണം വിദ്യാഭ്യാസത്തിലൂടെ എന്നതാണ് ലക്ഷ്യം. സംസ്ഥാനത്ത് ഒരു ലക്ഷം കുടുംബശ്രീ പ്രവർത്തകർക്ക് പത്ത്, ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സുകളിൽ പഠിക്കാൻ അവസരമൊരുക്കുന്നതാണ് പദ്ധതി.
ഫീസിന്റെ ഭാരം പഠിതാക്കൾക്കില്ല
പഠിതാക്കളുടെ കോഴ്‌സ് ഫീസും പരീക്ഷാ ഫീസും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഹിക്കും. രജിസ്‌ട്രേഷൻ ഫീസും അഡ്മിഷൻ ഫീസും സാക്ഷരതാമിഷൻ ഒഴിവാക്കും.
കോഴ്സ് ഫീസ്
പത്താംതരം 1750രൂപ
ഹയർ സെക്കൻഡറി (രണ്ട് വർഷത്തേക്ക് ) 4400 രൂപ
പരീക്ഷാ ഫീസ്
പത്താംതരം 500രൂപ
ഹയർ സെക്കൻഡറി 1500 രൂപ
കോഴ്സിൽ ചേരാൻ
പത്താം തരം
കുറഞ്ഞ പ്രായം 17
ഏഴാം ക്ലാസ് വിജയിച്ചവർക്കും സാക്ഷരതാ മിഷന്റെ ഏഴാംതരം തുല്യതാ കോഴ്‌സ് പാസായവർക്കും ചേരാം
ഹയർ സെക്കൻഡറി
കുറഞ്ഞ പ്രായം 22.
പത്താംതരം തുല്യതാ കോഴ്‌സ് പാസായിരിക്കണം
'' കുടുംബശ്രീയുടെ നേതൃത്വത്തിൽ ഗുണഭോക്താക്കളെ കണ്ടെത്തി രജിസ്‌ട്രേഷൻ നടപടികൾ പരോഗമിക്കുകയാണ്. ആദ്യഘട്ടം 10 മാസത്തിനകം പൂർത്തിയാക്കി പൊതുവിദ്യാഭ്യാസ വകുപ്പ് പരീക്ഷ നടത്തി സാക്ഷ്യപത്രം നൽകും
(സി.പി.സുനിൽ, കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ)