ഇന്നലെ ജില്ലയിലെ താപനില 36 ഡിഗ്രി
ഇന്നും ചൂട് കൂടും
ആലപ്പുഴ: വേനലെത്തും മുമ്പുതന്നെ ജില്ല തിളച്ചു മറിയവേ, ചൂടു മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ കാരണം വലയുകയാണ് മനുഷ്യരും വളർത്തു മൃഗങ്ങളും ഒപ്പം കൃഷിയും. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ താപമാപിനികളിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ രേഖപ്പെടുത്തപ്പെട്ട ഉയർന്ന ദിനാന്തരീക്ഷ താപനിലകൾ സർവകാല റെക്കാഡുകൾ ഭേദിക്കുകയാണ്.
ഇന്നലെ ഉയർന്ന ദിനാന്തരീക്ഷ താപനില ജില്ലയിലെ വിവിധയിടങ്ങളിൽ 36 ഡിഗ്രി സെൽഷ്യസിനെക്കാൾ ഉയർന്നു. ചൂട് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങളെ നേരിടാൻ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിട്ടിയും ആരോഗ്യ വകുപ്പും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജില്ലയിൽ ഇന്നും പകൽച്ചൂട് 2 മുതൽ 4 ഡിഗ്രി വരെ ഉയരാൻ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ ചൂട് ശരാശരിയെക്കാൾ 3 ഡിഗ്രി കൂടിയിരുന്നു. കടലോര സംസ്ഥാനമായതിനാൽ ഉയർന്ന അന്തരീക്ഷ ആർദ്രതയും താപസൂചിക ഉയരാൻ കാരണമാകുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ചൂട് 36 ഡിഗ്രിക്കു മുകളിലെത്തി. ആലപ്പുഴയിൽ ശരാശരിയെക്കാൾ 3 ഡിഗ്രി അധികമാണ് അനുഭവപ്പെടുന്ന ചൂട്. കുടിവെള്ളത്തിന്റെ അപര്യാപ്തത വർദ്ധിക്കുന്നതിനാൽ സാംക്രമിക രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂണുപോലെ മുളയ്ക്കുന്ന ശീതളപാനീയ വിപണന കേന്ദ്രങ്ങൾ രോഗ വ്യാപനത്തിന് കാരണമായേക്കാം. മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, വയറിളക്കം, തുടങ്ങിയ രോഗങ്ങൾ പടരാനുള്ള സാദ്ധ്യത കൂടുതലാണ്. ആലപ്പുഴയെ സംബന്ധിച്ചിടത്തോളം പ്രളയത്തിന് ശേഷം ശുദ്ധജലത്തിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം വർദ്ധിച്ചിട്ടുണ്ട്. പരമ്പരാഗത ജലസ്രോതസുകളിലെ ജലവിതാനം താഴുന്നതും ശുദ്ധജലം കിട്ടാത്തതും സാക്രമിക രോഗഭീതി വർദ്ധിപ്പിച്ചിട്ടുണ്ട്.
.............................
തളരുന്നു മൃഗങ്ങൾ
കനത്ത ചൂടിൽ മനുഷ്യർ മാത്രമല്ല മൃഗങ്ങളും തളരുന്നു. അസാധാരണ ചൂടിനെ പ്രതിരോധിക്കാൻ മൃഗങ്ങൾക്ക് കഴിഞ്ഞെന്ന് വരില്ല. അവയുടെ സ്ഥിതി പെട്ടന്ന് മനസിലാക്കാനുമാകില്ല. കനത്ത ചൂടിൽ കന്നുകാലികളുടെ പരിരക്ഷ ഉറപ്പ് വരുത്താൻ പ്രത്യേക മാർഗനിർദ്ദേശങ്ങളാണ് മൃഗസംരക്ഷണ വകുപ്പ് നൽകിയിരിക്കുന്നത്. കൊടുംചൂടിൽ ജില്ലയിൽ കന്നുകാലികൾ ചത്തു വീഴുന്നുമുണ്ട്. അന്തരീക്ഷ ഊഷ്മാവ് കൂടുംതോറും കന്നുകാലികൾ തീറ്റയെടുക്കാൻ മടി കാണിക്കും. ദീർഘനേരം സൂര്യരശ്മികൾ ദേഹത്ത് പതിക്കുന്നത് നിർജലീകരണവും ഉണ്ടാക്കും. ചൂട് കൂടുന്നതോടെ പാലിന്റെ അളവ് ഒന്നു മുതൽ രണ്ട് ലിറ്റർ വരെ കുറയാൻ സാദ്ധ്യതയുണ്ട്.
കറവപ്പശുക്കളിൽ അന്തരീക്ഷ താപനില 35 ഡിഗ്രിയിൽ കൂടുകയും ആപേക്ഷിക ആർദ്രത വർദ്ധിക്കുകയും ചെയ്യുന്നത് സൂര്യാഘാതത്തിന് കാരണമാകും. സംശയാസ്പദമായി എന്തെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ അടുത്തുളള മൃഗാശുപത്രിയിൽ വിവരം അറിയിക്കണം.
..................
ഉണങ്ങിവരണ്ട് കൃഷി
കാലാവസ്ഥ വ്യതിയാനം വേനൽക്കാല പച്ചക്കറി കൃഷിയെ താളംതെറ്റിക്കുന്നു. ജലസേചനം നടത്താൻ കഴിയാതെ മിക്ക തോട്ടങ്ങളും കരിഞ്ഞുണങ്ങുകയാണ്. പരമ്പരാഗത ജലസ്രോതസുകൾ വരണ്ടുണങ്ങുന്നത് മൂലം കൃഷി എങ്ങനെ സംരക്ഷിക്കണമെന്ന് അറിയാതെ പ്രതിസന്ധിയിലാണ് കർഷകർ. ചേർത്തല, കഞ്ഞിക്കുഴി, മുഹമ്മ, മാരാരിക്കുളം, കുട്ടനാട്, മാവേലിക്കര, അമ്പലപ്പുഴ എന്നിവിടങ്ങളിലാണ് വേനൽക്കാല പച്ചക്കറി കൃഷി വ്യാപകം. ജൈവപച്ചക്കറി വിപണന ഔട്ട്‌ലെറ്റുകളിലും പല ഉത്പന്നങ്ങൾക്കും കടുത്ത ക്ഷാമമാണ് നേരിടുന്നത്. ചാരുംമൂട്ടിൽ ഏത്തവാഴ തോട്ടങ്ങൾ പലതും വാഴത്തണ്ടിലെ ജലാംശം വറ്റി ഒടിഞ്ഞുവീണു.
....................................
എന്തിന് കടുംപിടിത്തം?
ചൂട് കനത്തതോടെ വായു സഞ്ചാരം ഉറപ്പാക്കാൻ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കണമെന്ന ആരോഗ്യവകുപ്പിന്റെ നിർദ്ദേശം സ്വകാര്യ സ്‌കൂൾ മാനേജ്‌മെന്റുകൾ കാറ്റിൽ പറത്തുകയാണെന്ന് ആക്ഷേപമുണ്ട്. ജില്ലയിലെ ഭൂരിഭാഗം ക്ലാസ് മുറികളിലും ഫാനില്ല. സോക്സും ഷൂസുമാണ് മറ്റൊരു പ്രശ്നം. എൽ.കെ.ജി തലത്തിൽ പഠിക്കുന്ന കുട്ടികൾ മുതൽ കനത്ത ചൂടിൽ വിയർത്തൊഴുകുകയാണ്. ചൂട് കനത്തതോടെ ആരോഗ്യവകുപ്പ് മുൻകരുതൽ നിർദ്ദേശം നൽകിയിട്ടും സ്‌കൂൾ അധികൃതർക്ക് കുലുക്കമില്ല.
...........................
ശ്രദ്ധിക്കണം
# സൂര്യാതപം, സൂര്യാഘാതം തുടങ്ങിയവ പ്രതിരോധിക്കാൻ ധാരാളം വെള്ളം കുടിക്കണം
# നിർജലീകരണം വർദ്ധിപ്പിക്കുന്ന മദ്യം പോലെയുള്ള പാനീയങ്ങൾ പകൽ ഒഴിവാക്കണം
# ക്ലാസ് മുറികളിൽ വായുസഞ്ചാരം ഉറപ്പാക്കണം
# പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയവർ പകൽ 11 മുതൽ 3 വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുത്
# സംസ്ഥാനത്തെ തൊഴിൽ സമയം പുന:ക്രമീകരിച്ചുകൊണ്ടുള്ള ലേബർ കമ്മിഷണറുടെ ഉത്തരവ് പാലിക്കണം
# നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന തൊഴിലെടുക്കുന്നവർ പകൽ സമയങ്ങളിൽ ആവശ്യമായ വിശ്രമം എടുക്കണം, ധാരാളമായി വെള്ളം കുടിക്കണം
# വളർത്തു മൃഗങ്ങൾക്ക് തണൽ ഉറപ്പാക്കണം