ആലപ്പുഴ : കക്കൂസിൽ നിന്നുൾപ്പെടെയുള്ള മലിനജലം കെട്ടിക്കിടന്ന് രോഗികൾക്കും പരിസരവാസികൾക്കും ഒരുപോലെ ദുരിയം വിതച്ചിരുന്ന അവസ്ഥയിൽ നിന്ന് ജില്ലാ ആയുർവേദ ആശുപത്രിക്ക് മോചനം. മലിനജലം ഒഴുകി തങ്ങളുടെ കുടിവെള്ളത്തിൽ കലരുന്നതായും ദുർഗന്മമുയരുന്നതായും സമീപവാസികൾ നിരന്തരം പരാതിപ്പെട്ടിരുന്നു. ടോയ്ലെറ്റുകളിൽ ചിലത് ഉപയോഗയോഗ്യമല്ലാതായത് കിടത്തി ചികി്തസക്കെത്തുന്ന രോഗികൾക്കും ബുദ്ധിമുട്ടുണ്ടാക്കി.

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ഡ്രെയിനേജ് സൗകര്യം ഉൾപ്പെടെ വെള്ളക്കിണർ ഇല്ലിച്ചുവട് ജില്ലാ ആയുർവേദ ആശുപത്രിയുടെ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. 25 മുതൽ നിർമ്മാണം ആരംഭിക്കും. അന്നു മുതൽ ഒ.പി വിഭാഗം മാത്രമേ പ്രവർത്തിക്കുകയുള്ളൂ. നവീകരണം പൂർത്തിയായാൽ കിടിത്തി ചികിത്സ പുനരാരംഭിക്കും. 50 പേർക്ക് ഒരേ സമയം കിടത്തി ചികിത്സ നൽകാനുള്ള സൗകര്യം ഇവിടെയുണ്ട്. ദിവസം 5000ലധികം രോഗികൾ ഒ.പിയിൽചികിത്സ തേടിയെത്തും. ആശുപത്രി നവീകരണം പൂർത്തിയായാൽ രോഗികളുടെ എണ്ണം ഇനിയും വർദ്ധിക്കുമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. മൂന്ന് നിലകളിലായാണ് കെട്ടിടം പ്രവർത്തിക്കുന്നത്. 8 ഡോക്ടർമാരുടെ സേവനവും ലഭ്യമാണ്.

 കെട്ടിടത്തിന് കാലപ്പഴക്കം

കെട്ടിടത്തിന്റെ കാലപ്പഴക്കം അധികൃതരിൽ ആശങ്ക പരത്തിയിരുന്നു. എന്നാൽ കഴിഞ്ഞ മാസങ്ങളിലായി പഴയ ഇലക്ട്രിക്കൽ വയറിംഗ് മാറ്റുകയും കെട്ടിടത്തിൽ അറ്റകുറ്റപ്പണി നടത്തുകയും ഒ.പി വിഭാഗം നവീകരിക്കുകയും ചെയ്തിരുന്നു. ഇതിനായി 5.7 ലക്ഷം രൂപയാണ് അനുവദിച്ചത്. രോഗികളുടെ സുരക്ഷ മുൻനിറുത്തി ആശുപത്രി പരിസരത്ത് കാമറയും സ്ഥാപിച്ചു.

12: ആശുപത്രിയുടെ നവീകരണത്തിന് അനുവദിച്ചത് 12ലക്ഷം രൂപ

50 : ഒരേസമയം അമ്പത് രോഗികളെ കിടത്തിചികിത്സിക്കാനുള്ള സൗകര്യം

25 : ഫെബ്രുവരി 25മുതൽ ഒ.പി വിഭാഗം മാത്രം പ്രവർത്തിക്കും

ആശുപത്രിയിലെ ചികിത്സാവിഭാഗങ്ങൾ

 ജനറൽ

 മർമ്മ സ്പെഷ്യലിസ്റ്റ്

 കുട്ടികളുടെ വിഭാഗംം

 ഇ.എൻ.ടി

 പൈൽസ് ക്ലിനിക്

.......

'' ജില്ലാ ആയുർവേദ ആശുപത്രിയുടെ ഡ്രെയിനേജ് നവീകരണം ഇൗമാസം 25 ഒാടെ ആരംഭിക്കും. ജില്ലാ പഞ്ചായത്തിന്റെ സഹകരണം കൊണ്ടാണ് ആശുപത്രിയുടെ നീണ്ട നാളത്തെ പ്രശ്നത്തിന് പരിഹാരം കാണാൻ സാധിച്ചത്.

(ഡോ.പി.എസ്.റാണി, സൂപ്രണ്ട്-ജില്ലാ ആയുർവേദ ആശുപത്രി)