മന്ത്രി ജി.സുധാകരൻ നിർമാണം വിലയിരുത്തി
ആലപ്പുഴ : ആലപ്പുഴ ബൈപാസിന്റെ നിർമ്മാണ ജോലികൾ ഏപ്രിൽ മാസത്തിൽ പൂർത്തിയാക്കുമെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു.
കുതിരപ്പന്തി മേൽപ്പാലത്തിൽ ഗർഡറുകൾ സ്ഥാപിക്കുന്ന ജോലി നടക്കുകയാണ്. കോൺക്രീറ്റ് ജോലികളടക്കം രണ്ട് മാസത്തിനകം പൂർത്തിയാകും.അധികമായി വേണ്ടിവരുന്ന ജോലികൾക്കും സംസ്ഥാന സർക്കാർ പണം മുടക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
നിർമ്മാണം നടക്കുന്ന കുതിരപ്പന്തി മേൽപ്പാലം സന്ദർശിച്ച് നിർമ്മാണപുരോഗതി വിലയിരുത്തിയശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബൈപ്പാസ് നിർമ്മാണമേഖല പ്രോജക്ട് ഏരിയയായി പ്രഖ്യാപിക്കാത്തതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾക്കിടയിലൂടെ ഇപ്പോഴും ഇരുചക്രവാഹനങ്ങളടക്കം ഓടിച്ച് പോകുകയാണ്. കളർകോട് ജംഗ്ഷനിൽ റോഡ് ക്ലോസ് ചെയ്ത് ടാർ വീപ്പകൾ നിരത്തി ബോർഡ് വച്ചിട്ടുണ്ടെങ്കിലും വീപ്പകൾ എടുത്തു മാറ്റിയിട്ടാണ് ഇതുവഴി വാഹനങ്ങൾ ഓടിച്ച് പോകുന്നത്.മറ്റെവിടെയും ഇത് നടക്കില്ല. പ്രോജക്ട് ഏരിയയായി പ്രഖ്യാപിച്ചാൽ ഇത് നിരോധിത മേഖലയാകും. പാലാരിവട്ടത്തടക്കം നിർമ്മാണം നടക്കുന്നത് പ്രോജക്ട് ഏരിയ മറച്ചുകൊണ്ടാണെന്ന് മന്ത്രി പറഞ്ഞു.
അഡ്വ.എ.എം.ആരിഫ് എം.പി യും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
പൊതുമരാമത്ത് ചീഫ് എൻജിനീയർ എം.അശോക് കുമാർ, സുപ്രണ്ടിംഗ് എൻജിനീയർ എസ്.സജീവ്, എക്‌സിക്യൂട്ടീവ് എൻജിനീയർ ഡോ.സിനി, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർമാരായ സ്മിത, സബിത എന്നിവർ നിർമ്മാണ പ്രവർത്തനങ്ങൾ മന്ത്രിയോട് വിശദീകരിച്ചു.
ഓട്ടോ സ്റ്റാൻഡ് മാറ്റണം
ബൈപ്പാസിൽ കളർകോടുള്ള ഓട്ടോസ്റ്റാൻറ് ജംഗ്ഷനിൽ നിന്ന് പടിഞ്ഞാറോട്ടുള്ള സി.ആർ.എഫ് റോഡിന്റെ തെക്കു ഭാഗത്ത് 10 മീറ്റർ മാർക്ക് ചെയ്ത് അങ്ങോട്ട് മാറ്റേണ്ടിവരും. ഇവിടെയുള്ള ഹോട്ടലിലെത്തുന്നവരുടെ വാഹനങ്ങൾ റോഡിലാണിടുന്നത്.അത് ഹോട്ടൽ മുറ്റത്തിടാൻ നടപടിയുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
സർവീസ് റോഡ്
2012-ലെ ഡി.പി.ആർ അനുസരിച്ചാണ് ഇപ്പോൾ ബൈപ്പാസ് നിർമ്മാണം നടക്കുന്നത്. അതിൽ സർവീസ് റോഡും വഴിവിളക്കുമില്ല. വഴിവിളക്ക് സ്ഥാപിക്കാൻ സർക്കാർ നടപടി സ്വീകരിച്ചു. ഇരുവശങ്ങളിലും മൂന്ന് മീറ്റർ വീതിയിൽ സർവീസ് റോഡ് വേണം. ഇത് ഡി.പി.ആറിൽ ഇല്ലാത്തതിനാൽ പ്രത്യേക അപേക്ഷ നൽകേണ്ടതുണ്ട്.കുതിരപ്പന്തി മേൽപ്പാലത്തിന് സമീപം സർവീസ് റോഡ് ബന്ധിപ്പിക്കാൻ റെയിൽവേ അനുമതി വേണം. ഇവിടെ ഗേറ്റ് സ്ഥാപിക്കേണ്ടതുണ്ട്. അതിനായി കേന്ദ്ര മന്ത്രി ഗഡ്കരിക്ക് കത്തുനൽകും. ഇപ്പോൾ റെയിൽവേയുടേത് നല്ല സഹകരണമാണ്. അനുമതി ഉടനെ ലഭിക്കും. ആവശ്യമെങ്കിൽ റെയിൽവേ ഗേറ്റ് സ്ഥാപിക്കാനുള്ള ചെലവ് സംസ്ഥാന സർക്കാർ വഹിക്കും.